എല്‍ഐസി ഐപിഒ മൂന്നാം പാദത്തില്‍
1 min readമുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ പ്രഥമ ഓഹരി വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. വലിയ സാധ്യതകളുള്ള എല്‍ഐസി ഐപിഒ കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഇതുമായി ബന്ധപ്പെട്ടുള്ള എല്‍ഐസിയുടെ മൂല്യനിര്‍ണയത്തിനായി കാത്തിരിക്കുകയാണ് മാനേജ്മെന്‍റ്.
അടുത്ത വര്‍ഷം മൂന്നാം പാദത്തോട് കൂടി ഐപിഒ നടക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് എല്‍ഐസി ചെയര്‍മാന്‍ എം ആര്‍ കുമാര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയാകും എല്‍ഐസിയുടേത് എന്നാണ് വിലയിരുത്തല്‍. ആദ്യം വാലുവേഷന്‍ നടക്കണം. ഇതിനുള്ള സജ്ജീകരണങ്ങളായാല്‍ പ്രോസ്പക്റ്റസ് ഡ്രാഫ്റ്റിംഗും റോഡ് ഷോകളുമെല്ലാം നടക്കും. അതേസമയം 1956ലെ എല്‍ഐസി ആക്റ്റിന് ഭേദഗതിയും വരുത്തും-കുമാര്‍ പറഞ്ഞു.
2021 സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് പുതിയ പ്രീമിയത്തിന്‍റെ കാര്യത്തില്‍ എല്‍ഐസി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍ഐസിക്ക് ഇപ്പോള്‍ 1.3 ദശലക്ഷം ഏജന്‍റുകളായെന്നും ഈ വര്‍ഷം 100,000 പുതിയ ഏജന്‍റുമാരെ ചേര്‍ത്തിട്ടുണ്ടെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.