2021 ആഗോള വ്യാപാരത്തിലെ വീണ്ടെടുപ്പ് മന്ദഗതിയിലാകും: യുഎന്‍
1 min readജനീവ: 2021 ന്‍റെ ആദ്യ പാദത്തില്‍ ആഗോള വ്യാപാരത്തില്‍ വീണ്ടെടുക്കല്‍ വീണ്ടും മന്ദഗതിയിലാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2020ല്‍ ആഗോള തലത്തിലെ വ്യാപാരം 9 ശതമാനം ഇടിവ് പ്രകടമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ആഗോള വ്യാപാനം വീണ്ടെടുപ്പിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാക്കി തുടങ്ങിയത്. കൊറോണ വൈറസ് മഹാമാരി ഇപ്പോളും ാത്രാ വ്യവസായത്തില്‍ പ്രത്യാഘാതങ്ങള്‍ ഏല്‍പ്പിക്കുന്നു എന്നാണ് യുഎന്‍ നിരീക്ഷിക്കുന്നത്.
ലോക്ക്ഡൗണുകളെ തുടര്‍ന്ന് 2020ന്‍റെ ആദ്യ പകുതിയില്‍ ആഗോള വ്യാപാരം 15% ചുരുങ്ങിയിരുന്നു. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളുടെ വ്യാപാരം നാലാം പാദത്തില്‍ 12% ഉയര്‍ന്നു. കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരമാണ് പ്രധാന പങ്കുവഹിച്ചത്. “കിഴക്കന്‍ ഏഷ്യന്‍ സമ്പദ്വ്യവസ്ഥകള്‍ ശക്തമായ കയറ്റുമതി വളര്‍ച്ചയും ആഗോള വിപണി വിഹിതവും നേടി വീണ്ടെടുക്കല്‍ പ്രക്രിയയില്‍ മുന്നിലാണ്,” യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഊര്‍ജ്ജം, ഗതാഗതം എന്നിവ ഒഴിച്ച് മിക്ക ഉല്‍പ്പാദന മേഖലകളും നാലാം പാദത്തില്‍ ഉയര്‍ന്നു. ചൈനയില്‍ നിന്നുള്ള സേവനങ്ങളുടെ കയറ്റുമതിയും ഒരു പരിധി വരെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ വീണ്ടെടുപ്പ് പ്രകടമാക്കി. 2021-ന്‍റെ ആദ്യ പാദത്തില്‍ മുന്‍പാദത്തെ അപേക്ഷിച്ച് യുഎന്‍സിടിഎഡി ചരക്കുകളുടെ വ്യാപാരത്തില്‍ 1.5% ഇടിവും സേവനങ്ങളിലെ വ്യാപാരത്തില്‍ 7% കുറവും രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. എന്നാല്‍ ഉത്തേജക പാക്കേജുകളെക്കുറിച്ചുള്ള അനിശ്ചിതത്വവും മഹാമാരിയും കാരണം പ്രവചനങ്ങള്‍ അനിശ്ചിതത്വം നിറഞ്ഞതാണെന്നും യുഎന്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ചൈന ഒഴികെ എല്ലാ വിപണികളിലും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈന പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പു സാമ്പത്തിക വര്‍ഷം 7-8 ശതമാനം ഇടിവ് പ്രകടമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 10 ശതമാനത്തിനു മുകളില്‍ വളര്‍ച്ച സ്വന്തമാക്കി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ വീണ്ടെടുപ്പ് കാണിക്കുമെന്നാണ് നിഗമനങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.