ഇനി നഷ്ടം സഹിക്കാന്‍ കഴിയില്ല, സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് അവസാനിപ്പിച്ചതായി എല്‍ജി പ്രഖ്യാപനം
നഷ്ടത്തിലോടുന്ന മൊബീല്‍ ഫോണ്‍ വിഭാഗം അടച്ചുപൂട്ടുന്നതോടെ ‘വിഭവങ്ങള്‍ വളര്‍ച്ചാ മേഖലകളില്‍’ വിനിയോഗിക്കാന്‍ കഴിയുമെന്ന് ദക്ഷിണ കൊറിയന്‍ കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു
സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് അവസാനിപ്പിക്കുന്നതായി എല്‍ജി പ്രഖ്യാപിച്ചു. നഷ്ടത്തിലോടുന്ന മൊബീല്‍ ഫോണ്‍ വിഭാഗം അടച്ചുപൂട്ടുന്നതോടെ ‘വിഭവങ്ങള്‍ വളര്‍ച്ചാ മേഖലകളില്‍’ വിനിയോഗിക്കാന്‍ കഴിയുമെന്ന് പ്രസ്താവനയിലൂടെ ദക്ഷിണ കൊറിയന്‍ കമ്പനി അറിയിച്ചു. വൈദ്യുത വാഹന ഘടകങ്ങള്‍, കണക്റ്റഡ് ഡിവൈസുകള്‍, സ്മാര്‍ട്ട് ഹോം ഉല്‍പ്പന്നങ്ങള്‍, റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി തുടങ്ങിയവയാണ് എല്‍ജി ഉദ്ദേശിക്കുന്ന വളര്‍ച്ച പ്രതീക്ഷിക്കുന്ന മേഖലകള്‍. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ചുരുട്ടാവുന്ന ഫോണ്‍ പ്രദര്‍ശിപ്പിച്ചതിനു പിറകേയാണ് ഇപ്പോഴത്തെ തീരുമാനം.
വിംഗ്, വെല്‍വറ്റ്, ക്യു സീരീസ്, ഡബ്ല്യു സീരീസ്, കെ സീരീസ് എന്നീ നിലവിലെ ഫോണുകളുടെ വില്‍പ്പന തുടരും. എന്നാല്‍ സ്റ്റോക്ക് തീരുന്നതുവരെ മാത്രമായിരിക്കും. നിലവിലെ മൊബീല്‍ ഫോണുകളുടെ ഉപയോക്താക്കള്‍ക്കായി നിശ്ചിത കാലയളവില്‍ സര്‍വീസ്, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ ഈ കാലയളവ് ഉപയോക്താക്കളുടെ പ്രദേശത്തിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്, യൂറോപ്പിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന അതേ സമയത്ത് ഇന്ത്യയില്‍ വെല്‍വറ്റ് ഫോണിന് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭിച്ചേക്കില്ല. മൊബീല്‍ ഫോണ്‍ ഡിവിഷന്‍ അടച്ചുപൂട്ടുന്നതിനായി ഈ കാലയളവില്‍ വിതരണ കമ്പനികളുമായും ബിസിനസ് പങ്കാളികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കും.
ജൂലൈ 31 ഓടെ മൊബീല്‍ ഫോണ്‍ ബിസിനസ് മുഴുവനായി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എല്‍ജി വ്യക്തമാക്കി. എന്നാല്‍ സ്റ്റോക്കുള്ള ചില ഫോണുകള്‍ അതിനുശേഷവും ലഭിച്ചേക്കും. മൊബീല്‍ ഫോണ്‍ ബിസിനസ് അവസാനിപ്പിക്കുന്നതോടെ തൊഴിലാളികളെ പിരിച്ചുവിടുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തൊഴില്‍ സംബന്ധിച്ച കാര്യങ്ങള്‍ പ്രാദേശിക തലത്തില്‍ തീരുമാനിക്കുമെന്ന് എല്‍ജി അറിയിച്ചു. ഈ തൊഴിലാളികളെ എല്‍ജിയുടെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
മൊബീല്‍ ഫോണ്‍ വ്യവസായം വിടാനുള്ള എല്‍ജിയുടെ തീരുമാനം അല്‍ഭുതപ്പെടുത്തുന്ന ഒന്നല്ല. ജനുവരി മുതല്‍ ഇതുസംബന്ധിച്ച നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. നിരന്തരം നഷ്ടം വരുത്തിവെയ്ക്കുന്ന മൊബീല്‍ ഫോണ്‍ ബിസിനസ് സംബന്ധിച്ച് പുതിയ സാധ്യതകള്‍ തേടുകയാണെന്ന് എല്‍ജി സിഇഒ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫോണ്‍ ബിസിനസ് വില്‍ക്കുന്നതിന് ഏറ്റവും കുറഞ്ഞത് രണ്ട് കമ്പനികളുമായി എല്‍ജി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ നിശ്ചിത ഘട്ടത്തിനപ്പുറം ചര്‍ച്ചകള്‍ നീണ്ടുപോയില്ല.
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി എല്‍ജിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് പരിതാപകരമാണ്. സാംസംഗുമായും ചൈനീസ് കമ്പനികളുമായും മല്‍സരിക്കുന്നതിന് വെല്‍വറ്റ് പോലുള്ള നല്ല ഫോണുകള്‍ വിപണിയിലെത്തിച്ചിട്ടും രക്ഷയില്ലായിരുന്നു. ആറ് വര്‍ഷം മുമ്പാണ് എല്‍ജിയുടെ മൊബീല്‍ ഫോണ്‍ ബിസിനസ് എന്തെങ്കിലും ലാഭമുണ്ടാക്കിയിട്ട്.
സാംസംഗ്, മോട്ടോറോള കമ്പനികളുടെ മടക്കാവുന്ന ഫോണുകള്‍ക്ക് ബദല്‍ എന്ന നിലയില്‍ എല്‍ജി തങ്ങളുടെ ആദ്യ ചുരുട്ടാവുന്ന ഫോണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ എല്‍ജിയുടെ ‘ദ റോളബിള്‍’ ഫോണ്‍ വിപണിയിലെത്തില്ല.