കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്…
- രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണു വോട്ടെടുപ്പ്
- മൊത്തം 140 നിയമസഭാ മണ്ഡലങ്ങള്‍; 957 സ്ഥാനാര്‍ത്ഥികള്‍
- മൊത്തം 40771 ബൂത്തുകള്‍; കേരളത്തില്‍ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും വിധിയെഴുത്ത്
തിരുവനന്തുപരം: കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. ഒന്നര മാസത്തോളം നീണ്ട ആവേശത്തിരയിലാഴ്ന്ന പ്രചരണത്തിന് ശേഷമാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മൊത്തം 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് 131 മണ്ഡലങ്ങളില്‍ തെരഞ്ഞടുപ്പ്. ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
മൊത്തം 957 സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍ മല്‍സരരംഗത്തുള്ളത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ത്ഥികളും മല്‍സരിക്കുന്നു.
സംസ്ഥാനത്ത് മൊത്തമുള്ളത് 27446039 വോട്ടര്‍മാരാണ്. 13283727 പുരുഷവോട്ടര്‍മാരും 14162025 വനിതാ വോട്ടര്‍മാരുമാണ് ഇത്തവണയുള്ളത്. 518520 പേര്‍ക്ക് ഇത് കന്നിവോട്ടാണ്.
പോളിംഗ് ബൂത്തുകളുടെ എണ്ണത്തില്‍ ഇത്തവണ കാര്യമായ വര്‍ധനയുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണിത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി ആശങ്കാജനകമാണെന്ന് പല വിദഗ്ധരും ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മൊത്തത്തില്‍ 40771 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. അതേസമയം ഇരട്ടവോട്ടും കള്ളവോട്ടു സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇതെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും അതീവജാഗ്രത പുലര്‍ത്തുകയാണ്. അതീവജാഗ്രത പാലിക്കാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.
പ്രസൈഡിംഗ് ഓഫീസര്‍മാര്‍ മുതല്‍ കളക്റ്റര്‍മാര്‍ വരെയുള്ള ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇരട്ടവോട്ടുള്ളവരുടെ പട്ടിക ബൂത്ത് ഏജന്‍റുമാര്‍ക്ക് നല്‍കുകയും സംശയമുള്ള വോട്ടര്‍മാരുടെ ചരിത്രം മൊബൈലില്‍ പകര്‍ത്തുകയും ചെയ്യും. 59,992 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.
പ്രതീക്ഷയില്‍ മുന്നണികള്‍
മൂന്ന് മുന്നണികള്‍ക്കും ഒരു പോലെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് ഇത്തവണ ഇടതുപക്ഷം ഉറച്ച് വിശ്വസിക്കുന്നു. അതേസമയം അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ അത് യുഡിഎഫിന്‍റെ ആത്മവിശ്വാസത്തെ വലിയ തോതില്‍ ബാധിക്കും. രാജ്യം മുഴുവന്‍ ബിജെപി വികാരം ആഞ്ഞടിച്ചപ്പോഴും കേരളം മറിച്ച് ചിന്തിച്ച ചരിത്രമാണ് മുന്‍തെരഞ്ഞെടുപ്പുകളിലേത്. എന്നാല്‍ ഇത്തവണ മാറ്റം പ്രകടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നേമം ഉള്‍പ്പടെ ചുരുങ്ങിയത് നാല് സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തിയിരുന്നു. ഇത് ബിജെപി അണികളില്‍ വലിയ ആവേശം നിറയ്ക്കുകുയം ചെയ്തു.
കോവിഡ് സുരക്ഷയുടെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടിന് വിശാലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.