കെഎംഎംഎല്‍ ഇതുവരെ ആരോഗ്യ മേഖലയ്ക്ക് നല്‍കിയത് 981.84 ടണ്‍ ഓക്സിജന്‍
1 min readപുതിയ ഓക്സിജന്‍ പ്ലാന്‍റ് 2020 ഒക്ടോബര്‍ 10നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമേഖലയ്ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡ് നല്‍കുന്നത് ശ്രദ്ധേയമായ പിന്തുണ. കെഎംഎംഎലില്‍ സ്ഥാപിച്ച പുതിയ ഓക്സിജന്‍ പ്ലാന്‍റില്‍ ഇതുവരെ ഉല്‍പ്പാദിപ്പിച്ച 989.84 ടണ്‍ ദ്രവീകൃത ഓക്സിജനില്‍ 981.84 ടണ്ണും ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്തു. ഒരു ദിവസം 7 ടണ്‍ വരെ ദ്രവീകൃത ഓക്സിജനാണ് ഈ പ്ലാന്‍റില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കൊവിഡ് ചികിത്സയില്‍ ഓക്സിജന്‍ നിര്‍ണായക പങ്കുവഹിക്കുന്നതിനാല്‍ പുതിയ പ്ലാന്‍റ് ഏറെ സഹായകരമായിരിക്കുകയാണ്.
70 ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്‍റ് 2020 ഒക്ടോബര്‍ 10നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. 50 കോടി രൂപയാണ് നിര്‍മാണ ചെലവ്. പ്രതിദിനം 63 ടണ്‍ വാതക ഓക്സിജന്‍ കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് വേണം. ഇതിനു പുറമെയാണ് ആരോഗ്യമേഖലയ്ക്കായി ദ്രവീകൃത ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
1984 ല്‍ കെഎംഎംഎല്‍ കമ്മീഷന്‍ ചെയ്യുമ്പോള്‍ 22,000 ടണ്‍ ടൈറ്റാനിയം പിഗ്മന്‍റ് ആയിരുന്നു സ്ഥാപിത ഉത്പാദനശേഷി. ഇതിന് ആവശ്യമായ 50 ടണ്‍ ഓക്സിജന്‍ പ്ലാന്‍റ് അന്ന് സ്ഥാപിച്ചിരുന്നു. ടൈറ്റാനിയം പിഗ്മെന്‍റ് യൂണിറ്റിന്‍റെ ശേഷി ഇന്ന് 36,000 ടണ്ണോളമാണ്. അപ്പോള്‍ ഉല്‍പ്പാദനപ്രവര്‍ത്തനങ്ങള്‍ക്ക് 63 ടണ്‍ ഓക്സിജന്‍ ആവശ്യമായി വന്നു. പ്രതിവര്‍ഷം 12 കോടിയോളം ഇതിനായി ചെലവഴിച്ചിരുന്നു.
ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് പുതിയ പ്ലാന്‍റ് സ്ഥാപിച്ചത്. അതോടെ ഓക്സിജന്‍റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കെ എം എം എല്ലിന് കഴിഞ്ഞു. ഒപ്പം പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ മേഖലയെ സഹായിക്കാനുമായതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് കമ്പനി.