വാഹന വായ്പകളിൽ വൻ വർദ്ധനവ്, ട്രാൻസ്യൂണിയൻ സിബിൽ റിപ്പോർട്ട്
കൊച്ചി: ട്രാൻസ്യൂണിയൻ സിബിലിന്റെ ഷിഫ്റ്റിംഗ് ഗിയേഴ്സ് 2026 – ക്രെഡിറ്റ് ഡ്രൈവ്സ് ടുഡേസ് മൊബിലിറ്റി റിപ്പോർട്ട് പ്രകാരം രാജ്യത്തെ വാഹന വായ്പാ വിപണി പുതിയ വളർച്ചാ ഘട്ടത്തിലേക്ക് കടക്കുകയാണ്. 2019 ആദ്യ പകുതിക്കും 2026 ആദ്യ പകുതിക്കും ഇടയിൽ കാറുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ ശരാശരി വായ്പാ തുക 49 ശതമാനം വർധിച്ച് 8.2 ലക്ഷം രൂപയായി മാറി. വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് മാസം വർധിച്ച് 62 മാസമായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉയർന്ന മൂല്യമുള്ള കാർ വായ്പകൾ എടുക്കുന്നവരിൽ 51 ശതമാനവും അർദ്ധ-നഗര, ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരാണ്. ഇരുചക്ര വാഹന വായ്പകളിൽ 73 ശതമാനവും പാസഞ്ചർ വാഹന വായ്പകളിൽ 37 ശതമാനവും നൽകി എൻബിഎഫ്സികൾ വാഹന ധനകാര്യ മേഖലയിൽ മുന്നിട്ടുനിൽക്കുന്നു. പാസഞ്ചർ വാഹന വായ്പകളിൽ സ്വകാര്യ ബാങ്കുകളുടെ വിഹിതം 26 ശതമാനമാണ്. 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ഇരുചക്ര വാഹന വായ്പകളുടെ കുടിശ്ശിക 1.76 ലക്ഷം കോടി രൂപയിലെത്തി. ഇരുചക്ര വാഹന വായ്പകൾ ഇന്ന് വളരെ സാധാരണമായ ഒരു വായ്പാ മാർഗ്ഗമായി മാറിയിരിക്കുന്നു. 2026-ന്റെ ആദ്യ പകുതിയിൽ ഇരുചക്രവാഹന വായ്പകൾ എടുത്തവരിൽ 64 ശതമാനവും അർദ്ധ-നഗര, ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരും, 43 ശതമാനം പേർ 30 വയസോ അതിൽ താഴെയോ പ്രായമുള്ളവരുമാണ്. ആദ്യമായി വായ്പ എടുക്കുന്നവരേക്കാൾ രണ്ടു വർഷത്തിലധികം വായ്പാ ചരിത്രമുള്ളവരാണ് ഇപ്പോൾ കൂടുതലായി ഇരുചക്ര വാഹന വായ്പകൾ എടുക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സജീവമായ ഇരുചക്ര വാഹന വായ്പക്കാരുടെ എണ്ണം 2019-ലെ 1.7 കോടിയിൽ നിന്ന് 2026 ജൂണിൽ 3.3 കോടിയായി ഉയർന്നു. എസ്.യു.വികളോടും മികച്ച ഫീച്ചറുകളുള്ള വാഹനങ്ങളോടുമുള്ള ഉപഭോക്താക്കളുടെ പ്രത്യേക താൽപ്പര്യമാണ് പാസഞ്ചർ വാഹന വിപണിയിൽ ഉയർന്ന മൂല്യമുള്ള വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് കാരണമാകുന്നത്. കാർ ഉടമകളാകുന്നവരിൽ പുതുതലമുറ യുവാക്കൾ എന്നിവരുടെ എണ്ണം കൂടുതലാണെന്നും, പഴയ കാറുകൾക്ക് പകരം പുതിയതും ഉയർന്ന മൂല്യമുള്ളതുമായ വാഹനങ്ങൾ വാങ്ങാൻ ആളുകൾ താല്പര്യം കാണിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
