ജര്‍മ്മനിയിലെ അവസരങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സെഷനുമായി ഗൊയ്ഥെ സെന്‍ട്രം
കോഴിക്കോട്: ജര്‍മ്മനിയില്‍ ഉപരിപഠനവും ജോലിയും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും വഴികാട്ടുന്ന ‘ഇന്‍ഫര്‍മേഷന്‍ സെഷന്’ പരിപാടിയുമായി ഗൊയ്ഥെ സെന്‍ട്രം. കോഴിക്കോട് പുതുതായി ആരംഭിച്ച ഗൊയ്ഥെ സെന്‍ട്രത്തില്‍ ഒക്ടോബര്‍ 27 ന് രാവിലെ 9.30 നാണ് പരിപാടി. ‘ജര്‍മ്മനിയിലെ അവസരങ്ങള്‍’ എന്ന വിഷയത്തില്‍ ജര്‍മ്മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വീസുമായി (ഡിഎഎഡി) സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ജര്‍മ്മനിയിലെ വിദ്യാഭ്യാസ, വൊക്കേഷണല്‍ പരിശീലന, കരിയര്‍ അവസരങ്ങളെക്കുറിച്ചറിയാന്‍ സാധിക്കും. ജര്‍മ്മനിയിലെ ഉപരിപഠന സാധ്യതകളെക്കുറിച്ചും സര്‍വ്വകലാശാലകളെക്കുറിച്ചും ഡിഎഎഡി പ്രതിനിധികള്‍ സംസാരിക്കും. ജര്‍മ്മന്‍ ഭാഷാപ്രാവീണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രായോഗിക തൊഴില്‍ പരിചയവും സൈദ്ധാന്തിക വിദ്യാഭ്യാസവും സംയോജിപ്പിക്കുന്ന ജര്‍മ്മനിയുടെ വൊക്കേഷണല്‍ പരിശീലന സമ്പ്രദായമായ ‘ഔസ്ബില്ഡുങ്ങിനെ’ ക്കുറിച്ചും’ ഗൊയ്ഥെ സെന്റര്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കും. ജര്‍മ്മനിയില്‍ ലഭ്യമായ വലിയ അവസരങ്ങളെക്കുറിച്ചും ജര്‍മ്മന്‍ ഭാഷാപ്രാവീണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കേരളത്തിലെ യുവജനങ്ങളെ അറിയിക്കാനും ഭാവി തീരുമാനങ്ങളെടുക്കാന്‍ സഹായിക്കാനും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതായി ഗൊയ്ഥെ സെന്റര്‍ കേരള ഡയറക്ടറും ജര്‍മ്മന്‍ ഫെഡറല്‍ റിപ്പബ്ലിക്കിന്റെ കേരളത്തിലെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. യുവജനങ്ങള്‍ക്കിടയില്‍ ജര്‍മ്മന്‍ ഭാഷാ പഠനവും സാംസ്കാരികബന്ധവും ശക്തിപ്പെടുത്തുന്നതിനാണ് കോഴിക്കോട് ഗൊയ്ഥെ സെന്റര്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ജര്‍മ്മന്‍ ഭാഷാ കോഴ്സുകള്‍, പരീക്ഷകള്‍, സാംസ്കാരിക പഠനാവസരങ്ങള് എന്നിവ പ്രാദേശികമായി ലഭ്യമാക്കാന്‍ ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നു. ജര്‍മ്മനിയിലെ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളെക്കുറിച്ചറിയാന്‍ താല്പര്യമുള്ളവര്ക്ക് ഈ കേന്ദ്രം വഴികാട്ടിയാകും. ജര്‍മ്മനിയിലെ വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ജര്‍മ്മന്‍ ഭാഷാ അറിവുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ലക്ഷ്യങ്ങള്‍ നേടുന്നതിന് ആവശ്യമായ ഭാഷാ വൈദഗ്ധ്യവും യോഗ്യതകളും തയ്യാറെടുപ്പുകളും എന്തൊക്കെയാണെന്ന് മനസ്സിലാക്കാന്‍ ഈ പരിപാടി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. രജിസ്ട്രേഷന് സന്ദര്‍ശിക്കുക: calicut@goethe-zentrum.org ഫോണ്‍: 9567260067 / 04953101957.
