‘ഹഡില് ഗ്ലോബല് 2026’ സ്റ്റാര്ട്ടപ്പ് മീറ്റ് നവംബര് 12 ന്
തിരുവനന്തപുരം: ബീച്ച്-സൈഡ് സ്റ്റാര്ട്ടപ്പ് സംഗമമായ ഹഡില് ഗ്ലോബല് 2026 ന് തുടക്കം കുറിച്ച് വാര്ഷിക റിപ്പോര്ട്ടിന്റെ കവര് പേജ് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രകാശനം ചെയ്തു. കേരള സ്റ്റാര്ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) നേതൃത്വത്തില് നവംബര് 12 മുതല് 14 വരെ കോവളത്ത് നടക്കുന്ന പരിപാടിയില് അത്യാധുനിക സ്റ്റാര്ട്ടപ്പുകളും വന്കിട നിക്ഷേപകരും അണിനിരക്കും. കേരളത്തിന്റെ സ്റ്റാര്ട്ടപ്പ് ആവാസവ്യവസ്ഥയില് വലിയ ചലനം സൃഷ്ടിക്കുന്ന ഹഡില് ഗ്ലോബലിന്റെ എട്ടാം പതിപ്പിനാണ് ഇത്തവണ കോവളം സാക്ഷ്യം വഹിക്കുന്നത്. സ്റ്റാര്ട്ടപ്പ് മേഖലയിലെ തുടക്കക്കാര്, സംരംഭകര്, നിക്ഷേപകര്, വ്യവസായ പ്രമുഖര് എന്നിവര്ക്ക് ഒത്തുചേരാനും ആശയങ്ങളെ യാഥാര്ത്ഥ്യങ്ങളാക്കി മാറ്റാനുമുള്ള അത്യപൂര്വ വേദികളില് ഒന്നാണിത്. പുതു സംരംഭകരെ തേടിയെത്തുന്ന നിക്ഷേപകരുമായുള്ള ചര്ച്ചകള്ക്കൊപ്പം പുതുമയാര്ന്ന ആശയങ്ങളും ഉത്പന്നങ്ങളും ലോകത്തിനു മുന്നില് പ്രദര്ശിപ്പിക്കാനുള്ള അവസരവും ലഭിക്കും. അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും ആശയങ്ങളും കൈമുതലായ സ്റ്റാര്ട്ടപ്പുകളുടെ സംഗമവേദിയായ ഹഡില് ഗ്ലോബലില് പ്രായഭേദമെന്യേ ആര്ക്കും പങ്കെടുക്കാം. കേരളത്തിന്റെ കരുത്തുറ്റ സ്റ്റാര്ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് കൂടുതല് നിക്ഷേപം ആകര്ഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഹഡില് ഗ്ലോബലിലൂടെ സാധ്യമാകും. കേരളത്തെ സ്റ്റാര്ട്ടപ്പ് മേഖലയില് അവസരങ്ങള് സൃഷ്ടിക്കുക, നൂതന സാങ്കേതിക വിദ്യയില് അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്തോതില് ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവ ഹഡില് ഗ്ലോബലിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിന്റെ സ്റ്റാര്ട്ടപ്പ് ആവാസവ്യവസ്ഥയുടെ നേര്ച്ചിത്രമായ ഹഡിലില് ലോകമെമ്പാടുമുള്ള 150 ലധികം നിക്ഷേപകര്, ഇന്ത്യയിലും വിദേശത്തുമുള്ള 4000 ത്തിലധികം സ്റ്റാര്ട്ടപ്പുകള്, 300 ലധികം മെന്റര്മാര്, 200 ലധികം എച്ച്എന്ഐ കള്, 200 ലധികം കോര്പറേറ്റുകള്, 300 ലധികം പ്രഭാഷകര്, നയരൂപകര്ത്താക്കള് തുടങ്ങിയവര് പങ്കെടുക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഹഡില് സ്പീഡ് ഡേറ്റിംഗ്, പ്രോഡക്ട് ലോഞ്ചിംഗ്, മെന്റര് മാച്ച്മേക്കിംഗ്, ഹഡില് ക്രോസ് സെല്, പ്രോഡക്ട് എക്സ്പോ, ജിസിസി റൗണ്ട് ടേബിള്, മെന്റര് കണക്ട്, 500 ലധികം ഇന്വെസ്റ്റര്- സ്റ്റാര്ട്ടപ്പ് കണക്ട് തുടങ്ങിയവ ഇത്തവണത്തെ ഹഡിലിനെ ആകര്ഷകമാക്കും. നിര്മ്മിത ബുദ്ധി (എഐ), ഫിന്ടെക്, ബ്ലോക്ക്ചെയിന്, ഹെല്ത്ത്ടെക്, ലൈഫ് സയന്സസ്, ഓഗ്മെന്റഡ്/വെര്ച്വല് റിയാലിറ്റി, സ്പേസ്ടെക്, ഇ-ഗവേണന്സ്, ഇന്റര്നെറ്റ് ഓഫ് തിംഗ്സ് എന്നിവയുള്പ്പെടെയുള്ള ഭാവി മേഖലകളെ ഹഡില് ഗ്ലോബല് ഉയര്ത്തിക്കാട്ടും. ഈ മേഖലകളിലെ സ്റ്റാര്ട്ടപ്പുകള് മികച്ച ആശയങ്ങള് അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള തത്സമയ ചര്ച്ചകള്, പൈലറ്റ് ഫണ്ടിംഗ്, ആഗോള വിപണി സാധ്യതകള് എന്നിവയെ കുറിച്ച് അറിയാനുള്ള അവസരവും ലഭ്യമാകും. കേരളത്തെ ഒരു വിജ്ഞാനാധിഷ്ഠിത വ്യവസായ കേന്ദ്രമാക്കി മാറ്റാന് സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകളുടെ പ്രദര്ശനവും ഇതിനോടനുബന്ധിച്ചുണ്ടാകും. ആഗോളതലത്തിലുള്ള നിര്ണായക വെല്ലുവിളികളെ നേരിടാന് രൂപകല്പ്പന ചെയ്ത ഹ്യൂമനോയിഡ് റോബോട്ടുകള്, സ്വയം പ്രവര്ത്തിക്കുന്ന ഡ്രോണുകള്, സുസ്ഥിര ഊര്ജ്ജ പരിഹാരങ്ങള്, ബയോമെഡിക്കല് ഉപകരണങ്ങള്, സ്മാര്ട്ട് സിറ്റി സാങ്കേതികവിദ്യകള് എന്നിവ ഇതിന്റെ ഭാഗമായി പ്രദര്ശിപ്പിക്കും. രജിസ്റ്റര് ചെയ്യാന് സന്ദര്ശിക്കുക: https://www.huddleglobal.co.in/
