റെനോ ഇന്ത്യ ‘ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160’; വില 16.99 ലക്ഷം രൂപ മുതൽ
കൊച്ചി: ആഗോളതലത്തിൽ ഏറെ ശ്രദ്ധനേടിയ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160 സാങ്കേതികവിദ്യയുമായി റെനോ ഇന്ത്യ പുതിയ ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1.8 ലിറ്റർ പെട്രോൾ എൻജിൻ, 2 ഇലക്ട്രിക് മോട്ടോറുകൾ, 1.4 കെഡബ്ല്യൂഎച്ച് ബാറ്ററി എന്നിവ ഉൾപ്പെടുന്നതാണ് സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം. ഇത് പരമാവധി 160 പിഎസ് കരുത്തും 208 എൻഎം ടോർക്കും നൽകും. ഫോർമുല 1-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മൾട്ടി-മോഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ 2 ഇലക്ട്രിക് ഗിയറുകളും 4 പെട്രോൾ ഗിയറുകളുമുണ്ട്. സുഗമവും മികച്ചതുമായ ഡ്രൈവിംഗിനായി 15 ഡ്രൈവ് കോമ്പിനേഷനുകൾ വാഗ്ദാനം ചെയ്യുന്നു. ലിറ്ററിന് 29 കിലോമീറ്ററാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. നഗരങ്ങളിലെ ഡ്രൈവിംഗിന്റെ 80ശതമാനം വരെ പ്യുവർ ഇവി മോഡിൽ ഉപയോഗിക്കാം. ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് 29 ശതമാനം വരെ ഇന്ധനച്ചെലവ് ലാഭിക്കാനും സാധിക്കും. എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ മൂന്ന് വേരിയൻ്റുകളിൽ പുതിയ ഡസ്റ്റർ ലഭ്യമാണ്. 16.99 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. ഫോർമുല 1 റേസിംഗ് അനുഭവങ്ങളും ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ റെനോയുടെ വൈദഗ്ധ്യവും സംയോജിപ്പിച്ചാണ് ഈ ഹൈബ്രിഡ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. പുറത്തുനിന്നുള്ള ചാർജിംഗ് സൗകര്യങ്ങളുടെ ആവശ്യമില്ലാതെ തന്നെ പെട്രോൾ വാഹനങ്ങളുടെ സൗകര്യത്തോടൊപ്പം ഇലക്ട്രിക് ഡ്രൈവിംഗ് അനുഭവം നൽകാൻ ഇതിലൂടെ സാധിക്കുന്നു. ഡീസൽ വാഹനങ്ങൾക്ക് മികച്ചൊരു ബദൽ തേടുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇതൊരു മികച്ച വാഹനമായിരിക്കുമെന്നും റെനോ ഇന്ത്യ സിഇഒ സ്റ്റെഫാൻ ഡെബ്ലെയ്സ് വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള അംഗീകൃത റെനോ ഡീലർഷിപ്പുകൾ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് (www.renault.co.in) വഴിയും പുതിയ ഡസ്റ്ററിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
