ഇന്ത്യയുടെ ധനസ്ഥിതി ദുര്‍ബലമായി തുടരുന്നു: മൂഡിസ്
1 min readഅടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച നിഗമനം 10.08 ശതമാനത്തില്‍ നിന്ന് 13.7 ശതമാനമായി ഉയര്‍ത്തി
ന്യൂഡെല്‍ഹി: 2021 ല്‍ ഇന്ത്യയുടെ ദുര്‍ബലമായ ധനനില ഒരു പ്രധാന ക്രെഡിറ്റ് വെല്ലുവിളിയായി തുടരുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. ബിഎഎ3 നെഗറ്റീവ് ആണ് നിലവില്‍ മൂഡിസ് ഇന്ത്യക്ക് നല്‍കിയിട്ടുള്ള റേറ്റിംഗ്. മൂഡീസ് പറയുന്നതനുസരിച്ച്, ധനവിനിയോഗം ക്രമീകരിക്കുന്നതിനുള്ള സാധ്യതകള്‍ ദുര്‍ബലമായി തുടരുകയാണ്. വരുമാനം വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റേത് സമ്മിശ്രമായ ട്രാക്ക് റെക്കോര്‍ഡ് ആണെന്നും റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.
ഹ്രസ്വകാലത്തേക്ക് ധന ഏകീകരണത്തിനുള്ള പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടില്ലെങ്കിലും, ബജറ്റ് പ്രസംഗമനുസരിച്ച് 2025-26 സാമ്പത്തിക വര്‍ഷത്തോടെ ജിഡിപിയുടെ 4.5 ശതമാനമായി ധനക്കമ്മി ചുരുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നാലുവര്‍ഷത്തോളം ശരാശരി 0.5 ശതമാനം കുറവ് വാര്‍ഷിക ധനക്കമ്മിയില്‍ വരുത്തേണ്ടതുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്ന് മൂഡിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ വളരെ ഉയര്‍ന്ന കടബാധ്യത കണക്കിലെടുക്കുമ്പോള്‍, ഈ ക്രമാനുഗതമായ രീതിയില്‍ കുറഞ്ഞ വേഗതയിലുള്ള സാമ്പത്തിക ഏകീകരണം ഇടത്തരം കാലയളവില്‍ സര്‍ക്കാരിന്‍റെ ധനസ്ഥിതി മെച്ചപ്പെടുന്നത് സാധ്യമാക്കില്ല. അല്ലെങ്കില്‍ ജിഡിപി വളര്‍ച്ച ചരിത്രപരമായ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കണമെന്നും മൂഡിസ് കൂട്ടിച്ചേര്‍ത്തു.
2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളിലെ കേന്ദ്രസര്‍ക്കാരിന്‍റെ ധനക്കമ്മി നേരത്തേ പ്രതീക്ഷിച്ചതിലും കുറവാകുമെന്നാണ് മൂഡിസ് ഇപ്പോള്‍ വിലയിരുത്തുന്നത്. 2021 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ശക്തമായ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നതും 2022 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചയുമാണ് ഇതില്‍ പങ്കുവഹിക്കുക.
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7 ശതമാനം ഇടിവ് പ്രകടമാക്കുമെന്നാണ് മൂഡിസിന്‍റെ പുതിയ നിഗമനം. നേരത്തേ 10.8 ശതമാനം ഇടിവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച നിഗമനം 10.08 ശതമാനത്തില്‍ നിന്ന് 13.7 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്. മൊത്തത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2020ന്‍റെ അവസാനത്തില്‍ ഉണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും മൂഡിസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.