1.84 ബില്യണ്‍ ഡോളറിന്റെ 19 ഐപിഒകള്‍
മുംബൈ: 2020 ന്റെ നാലാം പാദത്തില്‍ 1.84 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 19 പ്രാരംഭ പബ്ലിക് ഓഫറുകള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. 2021ലും വിപണി വികാരം പോസിറ്റീവ് ആയി തുടരുന്നുവെന്ന് പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ.വൈ തയാറാക്കിയ ഇന്ത്യ ഐപിഒ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രധാന വിപണിയില്‍ മൊത്തം 10 ഐപിഒകളും എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വിഭാഗത്തില്‍ 9 എണ്ണവുമാണ് ഉണ്ടായത്. ഏറ്റവും വലിയ ഐപിഒ 869 ദശലക്ഷം ഡോളര്‍ ഇഷ്യു വലുപ്പമുള്ള ഗ്ലാന്റ് ഫാര്‍മയുടേതാണ്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വെറും 11 ഐപിഒകള്‍ ഉണ്ടായിരുന്നു. 2020 ല്‍ ഐപിഒകളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. 43 ഐപിഒകള്‍ 4.09 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് സമാഹരിച്ചു.റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിര്‍മ്മാണം, വൈവിധ്യമാര്‍ന്ന വ്യാവസായിക ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഐപിഒകളുടെ എണ്ണമനുസരിച്ച് ഏറ്റവും സജീവമായ മേഖലകള്‍.