വോയ്‌സ് സെര്‍ച്ച് സൗകര്യമൊരുക്കി ഫ്‌ളിപ്കാര്‍ട്ട്
1 min readഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സംസാരിച്ച് ഉപയോക്താക്കള്‍ക്ക് ഇനി ഇഷ്ടമുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കാം
ന്യൂഡെല്‍ഹി: സ്വന്തം പ്ലാറ്റ്‌ഫോമില്‍ വോയ്‌സ് സെര്‍ച്ച് സൗകര്യം ഏര്‍പ്പെടുത്തിയതായി ഫ്‌ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചു. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സംസാരിച്ച് ഉപയോക്താക്കള്‍ക്ക് ഇനി ഇഷ്ടമുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. ഇ-കൊമേഴ്‌സ് അനുഭവം പുതിയ തലത്തിലേക്ക് വളരുകയാണെന്ന് ഫ്‌ളിപ്കാര്‍ട്ട് പ്രസ്താവിച്ചു.
എതിരാളിയായ ആമസോണ്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തങ്ങളുടെ ആന്‍ഡ്രോയ്ഡ് ആപ്പില്‍ അലക്‌സ വോയ്‌സ് സെര്‍ച്ച് സൗകര്യം കൊണ്ടുവന്നിരുന്നു. ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ ശബ്ദം ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതിനാല്‍ ചെറുപട്ടണങ്ങളിലും മറ്റും സ്വീകാര്യത വര്‍ധിക്കുമെന്നാണ് ഫ്‌ളിപ്കാര്‍ട്ട് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ആമസോണുമായുള്ള മല്‍സരം കടുപ്പിക്കുക കൂടിയാണ് കമ്പനി.
ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് വേഗത്തിലും ഹിന്ദിയില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ അഞ്ച് മടങ്ങ് വേഗത്തിലും വോയ്‌സ് സെര്‍ച്ച് നടത്താന്‍ കഴിയും. സ്വതന്ത്രമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ പ്രസ്താവന. പുതിയ ഉപയോക്താക്കളെ മനസ്സിലാക്കുന്ന കാര്യത്തില്‍ സ്വയം മെച്ചപ്പെടാന്‍ വോയ്‌സ് സെര്‍ച്ച് സൗകര്യം ഫ്‌ളിപ്കാര്‍ട്ടിനെ സഹായിക്കും. പുതിയ ഉപയോക്താക്കളിലേക്ക് കടന്നുചെല്ലാന്‍ വില്‍പ്പനക്കാരെ പുതിയ ഫീച്ചര്‍ സഹായിക്കും.
തുടക്കത്തില്‍ ഫ്‌ളിപ്കാര്‍ട്ട് മൊബീല്‍ ആപ്പിലും മൊബീല്‍ സൈറ്റിലുമായിരിക്കും വോയ്‌സ് സെര്‍ച്ച് സൗകര്യം ലഭിക്കുന്നത്. മുകളിലെ സെര്‍ച്ച് ബാറില്‍ തട്ടിയാല്‍ മൈക്രോഫോണ്‍ ഐക്കണ്‍ കാണാന്‍ കഴിയും. 80 വിഭാഗങ്ങളിലായി 150 ദശലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍ വോയ്‌സ് സെര്‍ച്ച് വഴി തെരഞ്ഞെടുക്കാം.