എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍
പിഎസ് ശ്രീധരന്‍പിള്ള ഗോവയിലേക്ക്
ന്യൂഡെല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ട് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ഉത്തരവിറക്കി. പലരും സ്ഥലംമാറിയപ്പോള്‍ മറ്റുള്ളവര്‍ പുതിയ നിയമനങ്ങളായിരുന്നു. മിസോറാം ഗവര്‍ണറായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയെ സ്ഥലംമാറ്റി ഗോവ ഗവര്‍ണറായി നിയമിച്ചു; ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ ആര്യയെ ത്രിപുരയിലേക്കാണ് സ്ഥലംമാറ്റിയത്. ത്രിപുര ഗവര്‍ണറായിരുന്ന രമേശ് ബെയ്സിനെ ജാര്‍ഖണ്ഡില്‍ നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായ ബന്ദാരു ദത്താത്രേയ ആയിരിക്കും ഇനി പുതിയ ഹരിയാന ഗവര്‍ണര്‍. ഇപ്പോള്‍ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന തവാര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്. പതിനാറാം ലോക്സഭയില്‍ അംഗമായിരുന്ന ഹരി ബാബു കമ്പട്ടിയെ മിസോറാമിലേക്കാണ് നിയമിച്ചിട്ടുള്ളത്. ഗുജറാത്തിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാവ് മംഗുഭായ് ചഗന്‍ഭായ് പട്ടേല്‍ മധ്യപ്രദേശ് ഗവര്‍ണറായി ഇനി സേവനമനുഷ്ഠിക്കും. ഗോവ മുന്‍ സ്പീക്കര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് പുതിയ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍. നിയമനങ്ങള്‍ അതത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് രാഷ്ട്രപതി ഓഫീസ് അറിയിച്ചു.