എംപിമാരോട് ഡെല്‍ഹിയിലെത്താന്‍ നിര്‍ദേശം : കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് സൂചന
1 min readന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാം ടേമിലെ ആദ്യത്തെ മന്ത്രിസഭാ പുനഃസംഘടന രണ്ടുദിവസത്തിനുള്ളില്‍ നടക്കുമെന്ന് സൂചന. ബിജെപി എംപിമാരോട് എത്രയും വേഗം ദേശീയ തലസ്ഥാനത്ത് എത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, മന്ത്രിസഭാ പുനഃസംഘടനയുടെ സമയത്തെക്കുറിച്ച് പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ സ്ഥിരീകരണമൊന്നുമില്ല.
രണ്ട് ദിവസത്തെ ഹിമാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെത്തിയ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ ചൊവ്വാഴ്ച വൈകിട്ട് ന്യൂഡെല്‍ഹിയിലേക്ക് മടങ്ങുകയാണ്. തന്‍റെ വ്യക്തിപരവും സംഘടനാപരവുമായ പരിപാടിയില്‍ പങ്കെടുക്കാനാണ് നദ്ദ ഹിമാചല്‍ പ്രദേശിലെത്തിയത്. മറ്റ് ചില സുപ്രധാന ജോലികള്‍ക്കായി അദ്ദേഹം ഡെല്‍ഹിക്കുമടങ്ങുന്നുവെന്ന് ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു. പുനഃക്രമീകരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായും പാര്‍ട്ടി മേധാവി നദ്ദയുമായും ചൊവ്വാഴ്ച വൈകുന്നേരം കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെങ്കിലും യോഗത്തെക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി പാര്‍ട്ടി നേതാക്കള്‍ ഡെല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് ആസാം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, രാജ്യസഭാ അംഗം ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ തലസ്ഥാനത്തെത്തുകയാണ്. ഡെല്‍ഹിക്കു പുറപ്പെടുന്നതിനുമുമ്പ് സിന്ധ്യ ഉജ്ജൈനിലെ ക്ഷേത്രത്തില്‍ സിന്ധ്യ അനുഗ്രഹം വാങ്ങിയതായി അദ്ദേഹത്തിന്‍റെ പരിപാടിയെക്കുറിച്ച് അറിയുന്ന ഒരു ബിജെപി നേതാവ് പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ തങ്ങള്‍ക്ക് ഒരു കോളും ലഭിച്ചിട്ടില്ലെന്ന് ഇത്തവണ മന്ത്രിസ്ഥാനം നോക്കിയിരുന്ന ചില ബിജെപി എംപിമാര്‍ പറയുന്നു.
എന്നാല്‍ എംപിമാരോട് എത്രയും വേഗം തലസ്ഥാനത്ത് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യ കക്ഷിയായ ജനതാദള്‍ യുണൈറ്റഡ് (ജെഡി-യു) നേതാക്കള്‍ – ആര്‍.സി.പി. സിംഗ്, രാജീവ് രഞ്ജന്‍ ‘ലല്ലന്‍’ എന്നിവരും രാജ്യ തലസ്ഥാനത്ത് എത്തുന്നു. അപ്നാദള്‍ മേധാവി അനുപ്രിയ പട്ടേലിനെയും മന്ത്രിയാക്കാന്‍ സാധ്യതയുണ്ട്. ആദ്യ ടേമില്‍ അവര്‍ മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്നു.ജൂലൈ 19 മുതല്‍ പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുമ്പായി ഇത് നടക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു.