കോവിഡ് വ്യാപന നിരക്ക് ഉയരുന്നു സത്വര നടപടി ആവശ്യം : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍
1 min readകൊച്ചി : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍(ഐ.എം.എ). മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രോഗികള്‍ ഉള്ളതും, കോവിഡ് ഐ.സി.യുകള്‍ നിറഞ്ഞു തുടങ്ങുന്നതും സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളും ജഗ്രതയും ഏര്‍പ്പെടുത്തേണ്ടതിന്റെ സൂചനയാണെന്ന് ഐ.എം.എ സയന്റിഫിക് അഡൈ്വസര്‍ ഡോ. രാജീവ് ജയദേവന്‍, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ടി.വി.രവി , സെക്രട്ടറി ഡോ.അതുല്‍ മാനുവല്‍ എന്നിവര്‍ പറഞ്ഞു.
എറണാകുളം ജില്ലയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉളളത്. ട്രാവല്‍ ഹബ്ബും, ജനനിബിഡ വാണിജ്യ വ്യാപാര കേന്ദ്രവുമായ എറണാകുളത്ത് മറ്റിടങ്ങളില്‍ നിന്നും വൈറസ് വീണ്ടും വീണ്ടും എത്തിപ്പെടാന്‍ ഇടയാവുന്നു. ജനങ്ങളുടെ ജാഗ്രതയില്‍ ഇന്ന് കുറവുണ്ടായാല്‍ കണക്കുകളില്‍ മാറ്റം വരുന്നത് ഒരു മാസമെങ്കിലും കഴിഞ്ഞായിരിക്കും. അപ്പോഴേയ്ക്കും ലണ്ടനിലേതു പോലെ 35 പേരില്‍ ഒരാള്‍ എന്ന നിരക്കില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കാം. ഓരോ ദിവസവും ആയിരം പേര്‍ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്നു. ആശുപത്രികള്‍ നിറഞ്ഞതിനെതുടര്‍ന്ന് ബ്രിട്ടനില്‍ അനിശ്ചിതകാല ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതൊരു പ്രദേശത്തും കോവിഡ് മൂലം ആശുപത്രികള്‍ നിറയുന്നു എന്നു വന്നാല്‍ ലോക്ക് ഡൌണ്‍ വേണ്ടി വന്നേക്കാം. എന്നാല്‍ സമ്പന്ന രാഷ്ട്രമായ ബ്രിട്ടനെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തിന് ഇനി ഒരു ലോക്ക് ഡൗണ്‍ താങ്ങാന്‍ സാധിക്കുമോ എന്ന് സംശയമുണ്ട്.
ഒരു പ്രദേശത്തുള്ളവരില്‍ ഒരിക്കല്‍ രോഗം വന്നു ഭേദമായാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ ലഭിക്കുമെന്നും പിന്നീട് ആ ഭാഗത്തു രോഗം വരില്ല എന്ന ധാരണയും ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നു, പുതിയ വാരിയന്റുകളുടെ വരവോടെ. പാന്‍ഡെമിക് കര്‍വ്വ് (curve ) ഒരു കുന്നു കയറി ഇറങ്ങുന്നതു പോലെയാണെന്ന് കഴിഞ്ഞ വര്‍ഷം ഏറെ പേര്‍ കരുതിയിരുന്നു. കുന്നിറങ്ങിയാല്‍ ‘ഹേര്‍ഡ് ഇമ്മ്യൂണിറ്റി’ കിട്ടും, അപ്പോള്‍ എല്ലാം ശരിയായി എന്നും അവര്‍ വിശ്വസിച്ചു. എന്നാല്‍ ഇത് ഒരു കുന്നു മാത്രമല്ല അതിനപ്പുറവും നിരവധി കയറ്റവും ഇറക്കവും അടങ്ങിയ ഒരു മൗണ്ടന്‍ റേഞ്ച് (mountain range) തന്നെയാണ് എന്ന് ഇപ്പോള്‍ നമുക്കു മനസിലായി തുടങ്ങി. തീവ്രമായി രോഗം ‘വന്നു പോയ’ ഇടങ്ങളില്‍ കൂടുതല്‍ ശക്തിയോടെ ഇന്ന് രോഗം താണ്ഡവമാടുന്നു. അതേ അവസ്ഥ വരും മാസങ്ങളില്‍ ഇവിടെ ഉണ്ടാവാതിരിക്കണെമെങ്കില്‍ എറെ മുന്‍കരുതലുകള്‍ വേണ്ടി വരും.
വൈറസ് ഇന്‍ഫെക്ഷന്‍ പൂര്‍ണമായും തടയുന്നില്ലെങ്കിലും, വൈറസ് ബാധിച്ചാല്‍ തീവ്ര രോഗം വരാതെയുള്ള സുരക്ഷിതമായ, വ്യക്തിഗതമായ സംരക്ഷണം വാക്‌സിന്‍ നല്‍കുന്നു. തന്മൂലം വാക്‌സിന്‍ എടുത്തവരും രോഗം പരത്താന്‍ ഇടയുണ്ട് എന്ന് മറക്കരുത്. അതിനാല്‍ വിയറ്റ്‌നാം, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കാട്ടിത്തന്നതു പോലെയുള്ള സ്ട്രാറ്റെജി ആണ് നാം ഇപ്പോള്‍ ചെയ്യേണ്ടത്.
ഒത്തു ചേരലുകള്‍ ആത് ഏതു പേരിലാണെങ്കിലും മാറ്റി വച്ചേ മതിയാവൂ. ഒത്തു ചേരല്‍ ഇല്ലെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഉപജീവനം നടത്താന്‍ തടസമില്ല. അവനവന്റെ സൊഷ്യല്‍ ബബിള്‍ (social bubble) അഥവാ അടുത്ത് ഇടപഴകുന്നവരുടെ സംഖ്യ പരമാവധി ചുരുക്കാന്‍ ഓരോരുത്തരും ശ്രമിക്കണം. ബബിളുകള്‍ തമ്മില്‍ കൂടിച്ചേരാതെ (overlap) സൂക്ഷിക്കണം. മാസ്‌ക് നിര്‍ബന്ധമാക്കണം. പ്രായമായവരെ സംരക്ഷിക്കുകയും അവര്‍ക്ക് വാക്‌സിന്‍ എത്തിച്ചു കൊടുക്കുകയും വേണം.
വ്യക്തിപരമായ അസൗകര്യങ്ങള്‍ ഓരോരുത്തരും സഹിക്കാതെ ഒരെളുപ്പ വഴിയും ഇവിടെ ഇല്ല എന്നതാണ് പച്ചയായ യാഥാര്‍ഥ്യം. ഈ മാരക വൈറസിനെതിരെ സമൂഹം ഏറെ നാള്‍ ഒരുമിച്ചു നിന്നാലേ രാജ്യം കോവിഡ് മുക്തമാകൂവെന്നും ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റും കൂടിയായ ഡോ. രാജീവ് ജയദേവന്‍ അഭിപ്രായപ്പെട്ടു.