ബീഹാര്‍ കണക്ക് തിരുത്തി, ഇന്ത്യയില്‍ ഒറ്റദിവസത്തെ കോവിഡ് മരണങ്ങള്‍ 6,148 ആയി ഉയര്‍ന്നു
1 min readതുടര്‍ച്ചയായ മൂന്നാംദിവസവും പുതിയ കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
ന്യൂഡെല്‍ഹി: കോവിഡ് മരണവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെ ബീഹാര്‍ കണക്കുകള്‍ തിരുത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍ ഇന്നലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 6148 കോവിഡ് മരണങ്ങളാണ് വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്നുള്ളത് ആശ്വാസകരമാണ്.
ഇതുവരെ കണക്കില്‍ ഉള്‍പ്പെടുത്താതിരുന്ന 3971 മരണങ്ങളാണ് ഇന്നലെ ബീഹാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ബീഹാര്‍ യഥാര്‍ത്ഥ മരണസംഖ്യ മറച്ചുവെക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് ഏപ്രില്‍, മെയ് മാസങ്ങളിലെ മരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുനഃപരിശോധിക്കാന്‍ പാട്‌ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതെത്തുടര്‍ന്ന്, 9249 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതായി ബീഹാര്‍ സര്‍ക്കാര്‍ കണക്ക് പുറത്തുവിട്ടു. മുമ്പ് 5,500നടുത്ത് കോവിഡ് മരണങ്ങളാണ് ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
94,052 പുതിയ കേസുകളാണ് വ്യാഴാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 2,91,83,121ആയി ഉയര്‍ന്നു. രോഗം ബാധിച്ച് ഇതുവരെ 3,59,676 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. അതേസമയം ലോകത്ത് ഇതുവരെ 17.40 കോടി ആളുകള്‍ക്ക് കോവിഡ്-19 ബാധിച്ചു. 37.49 ലക്ഷം ആളുകളാണ് രോഗം ബാധിച്ച് മരിച്ചു.