അദാനി എയര്‍പോര്‍ട്ട്സ് 29,000 കോടിയുടെ ഐപിഒയ്ക്ക്
1 min read
- ഗ്രൂപ്പിന്‍റെ എയര്‍പോര്‍ട്ട് ബിസിനസ് സ്വതന്ത്രമാക്കുന്നു
- പദ്ധതിയിടുന്നത് 25,500-29,200 കോടിയുടെ ഐപിഒ
- ഇന്‍ഫ്രാ കിംഗ് ഓഫ് ഇന്ത്യയെന്ന വിശേഷണം ഊട്ടിയുറപ്പിക്കാന്‍ അദാനി
മുംബൈ: അടുത്ത വമ്പന്‍ പദ്ധതിയുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനി. ഗ്രൂപ്പിന്‍റെ എയര്‍പോര്‍ട്ട് ബിസിനസ് ഹോള്‍ഡിംഗ് കമ്പനിയില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 25500-29200 കോടി രൂപയുടെ ഐപിഒയാണ് അദാനി എയര്‍പോര്‍ട്ട്സ് പദ്ധതിയിടുന്നത്.
ഇന്ത്യയുടെ ഇന്‍ഫ്രാ കിംഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൗതം അദാനിയുടെ പുതിയ മാസ്റ്റര്‍ പ്ലാനായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കല്‍ക്കരി ഖനനം, തുറമുഖങ്ങള്‍, ഊര്‍ജ പ്ലാന്‍റുകള്‍ തുടങ്ങിയ പരമ്പരാഗത ബിസിനസുകളില്‍ നിന്ന് എയര്‍പോര്‍ട്ടുകളിലേക്കും പ്രതിരോധത്തിലേക്കും ഡാറ്റ സെന്‍ററുകളിലേക്കുമെല്ലാം അദാനി ഗ്രൂപ്പ് മാറുന്നതിനാണ് ബിസിനസ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
2019ലാണ് അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് ബിസിനസിലേക്ക് പ്രവേശിക്കുന്നത്. ലക്ക്നൗ, അഹമ്മദാബാദ്, തിരുവനന്തപുരം, മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി തുടങ്ങിയ ആറ് വിമാനത്താവളങ്ങളെ ആധുനികവല്‍ക്കരിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്ന കരാര്‍ ഏറ്റെടുത്തായിരുന്നു തുടക്കം.
ഈ ആറ് മേഖല എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈ എയര്‍പോര്‍ട്ടും അദാനിയാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ വിമാനയാത്രികരില്‍ 10 ശതമാനവും സഞ്ചരിക്കുന്നത് അദാനി നിയന്ത്രിക്കുന്ന എയര്‍പോര്‍ട്ടുകളിലൂടെയാണെന്നത് മറ്റൊരു വൈരുദ്ധ്യം.
തന്‍റെ ബിസിനസുകള്‍ വേര്‍തിരിച്ച് സ്വതന്ത്രമാക്കുന്ന കളി അദാനി മുമ്പും നടത്തിയിട്ടുണ്ട്. അദാനി ഗ്രീന്‍, അദാനി പവര്‍ ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ഇത് ദൃശ്യമാണ്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, ഫ്രാന്‍സിന്‍റെ ടോട്ടല്‍ തുടങ്ങിയ വന്‍കിടക്കാര്‍ക്കെല്ലാം ഓഹരികള്‍ വിറ്റ് നിക്ഷേപം സമാഹരിക്കാന്‍ അദാനിക്ക് സാധിച്ചിരുന്നു.
എയര്‍പോര്‍ട്ട് ബിസിനസിനെ കൂടാതെ പുനരുപയോഗ ഊര്‍ജ മേഖലയിലും അദാനി വന്‍ നിക്ഷേപമാണ് നടത്തുന്നത്. ഗ്രൂപ്പിന്‍റെ സംശുദ്ധ ഊര്‍ജ ശേഷി 2025 ആകുമ്പോഴേക്കും എട്ട് മടങ്ങ് വര്‍ധിപ്പിക്കാനാണ് അദാനി ഉന്നമിടുന്നത്.
പേടിഎമ്മും ഫ്ളി്പ്കാര്‍ട്ടും ഉള്‍പ്പടെയുള്ള നിരവധി കമ്പനികള്‍ ഐപിഒക്കായി ഇന്ത്യയില്‍ തയാറെടുക്കുകയാണ്. 22,000 കോടി രൂപയുടെ ഐപിഒ ആണ് പേടിഎം പ്രതീക്ഷിക്കുന്നത്. നവംബറിലാകുമത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയി പേടിഎമ്മിന്‍റേത് മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ 25,000-29,000 കോടി രൂപയുടെ ഐപിഒ പദ്ധതിയിടുന്ന അദാനി ഗ്രൂപ്പ് തന്നെയാകും.
ഐപിഒയിലൂടെ പേടിഎമ്മിന്‍റെ മൂല്യം 25 ബില്യണ്‍ ഡോളറിനും 30 ബില്യണ്‍ ഡോളറിനും ഇടയിലേക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2010ല്‍ നടന്ന കോള്‍ ഇന്ത്യയുടെ ഐപിഒയാണ് രാജ്യത്ത് ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും വലുത്. പ്രഥമ ഓഹരി വില്‍പ്പനയിലൂടെ കോള്‍ ഇന്ത്യ സമാഹരിച്ചത് 15,000 കോടി രൂപയായിരുന്നു. ഐപിഒ അദാനിയുടെ വ്യക്തിഗത സമ്പത്തിലും വലിയ കുതിപ്പുണ്ടാക്കും.
ഏഷ്യയിലെ അതിസമ്പന്നരില്‍ രണ്ടാമനായ അദാനിയുടെ സമ്പത്തില്‍ പോയ വര്‍ഷമുണ്ടായത് 500 ശതമാനത്തിന്‍റെ വര്‍ധനയാണ്. ബില്യണയേഴ്സ് പട്ടികയിലെ ഏറ്റവും പുതിയ കണക്ക് പ്രകാരം അദാനിയുടെ സമ്പത്ത് 67 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു. 2021ല്‍ കൂട്ടിച്ചേര്‍ത്ത സമ്പത്തിന്‍റെ മാത്രം കാര്യമെടുത്താല്‍ ആഗോള സമ്പന്നന്‍ ജെഫ് ബെസോസിനെയും സംരംഭക ഇതിഹാസം ഇലോണ്‍ മസ്ക്കിനെയും വരെ പിന്തള്ളിയിരിക്കുന്നു നമ്മുടെ ഗൗതം അദാനി. ആറ് ലിസ്റ്റഡ് കമ്പനികളാണ് അദാനി ഗ്രൂപ്പിലെ പ്രധാനികള്‍.