ക്രിസ് വുഡ് ബുള്ളിഷാണ് ഇന്ത്യയില്‍
1 min readഇന്ത്യന്‍ വിപണിയുടെ അടിസ്ഥാനം ശക്തമാണ്.
റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്റ്റ് ഗുണം ചെയ്തു
മുംബൈ: ലോകപ്രശസ്ത നിക്ഷേപകനും സ്ട്രാറ്റജിസ്റ്റുമായ ക്രിസ് വുഡിന് ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ പ്രതീക്ഷ. ഈ വര്‍ഷവും ഇന്ത്യന്‍ വിപണിയില്‍ ബുള്ളിഷ് തരംഗം തന്നെ പ്രതീക്ഷിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. ക്രിസ് വുഡ് എന്നറിയപ്പെടുന്ന ക്രിസ്റ്റഫര്‍ വുഡ് ജെഫറീസിന്റെ ഇക്വിറ്റി സ്ട്രാറ്റജി വിഭാഗം മേധാവിയാണ്.
2020 മാര്‍ച്ചില്‍ കൊറോണ ആഘാതത്തില്‍ വിപണി തകര്‍ന്നടിഞ്ഞെങ്കിലും പിന്നീട് മികച്ച രീതിയിലാണ് ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുകയറിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച വിപണി സാക്ഷ്യം വഹിച്ചത് പുതുചരിത്രത്തിനായിരുന്നു. ആദ്യമായി സെന്‍സെക്സ് 50,000 പോയ്ന്റിലേക്ക് കുതിച്ചു. 2020 മാര്‍ച്ച് 24ന് 25,638.9 പോയ്ന്റിലേക്കാണ് വിപണി കൂപ്പുകുത്തിയത്. അതിന് ശേഷം കേവലം പത്ത് മാസത്തിനുള്ളിലാണ് സെന്‍സെക്സ് 50,000 പോയ്ന്റിലേക്ക് കുതിച്ചെത്തിയത്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ഏകദേശം 100 ശതമാനം നേട്ടമാണ് സെന്‍സെക്സ് നല്‍കിയത്.
ആത്മനിര്‍ഭര്‍ പാക്കേജ് അനുസരിച്ചുള്ള സര്‍ക്കാരിന്റെ സമാശ്വാസ നടപടികളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ച കാലോചിത നടപടികളും വിപണിയുടെ കുതിപ്പിന് കരുത്തേകിയെന്നാണ് വിലയിരുത്തല്‍. 2020ല്‍ ഓഹരികളിലേക്ക് 1.7 ലക്ഷം കോടി രൂപയുടെ എഫ്ഐഐ ആണ് എത്തിയത്. ഈ മാസം ഇതുവരെയുള്ള എഫ്ഐഐ 20,098.51 കോടി രൂപയാണ്.
വിപണിയുടെ ചാക്രിക തിരിച്ചുവരവ് സാധ്യമാണെന്നും ആവശ്യകത കൂടുമെന്നും ഇന്ത്യ മികച്ച രീതിയില്‍ പ്രതികരിക്കുമെന്നും ക്രിസ് വുഡ് പറഞ്ഞു.
…………………….
കൊറോണ ആഘാതത്തില്‍ ഉലഞ്ഞ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ ക്രിസ് വുഡിന് വന്‍ പ്രതീക്ഷ