ട്വിറ്ററിന് അന്തിമ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍; നിയമ നടപടിയിലേക്ക് നീങ്ങും
1 min readന്യൂഡെല്‍ഹി: പുതിയ ഐടി നിയമങ്ങള്‍ പാലിക്കാത്തതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് അന്തിമ അറിയിപ്പ് നല്‍കി. യുഎസ് ആസ്ഥാനമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 2021 മേയ് 26 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമങ്ങള്‍ ട്വിറ്റര്‍ ഇന്‍ക് പാലിക്കാത്തത് കണക്കിലെടുത്ത് “അനന്തരഫലങ്ങള്‍ ഉണ്ടാകുന്നതാണ്” എന്ന് മന്ത്രാലയം അയച്ച നോട്ടീസില്‍ പറയുന്നു.
“എന്നിരുന്നാലും, സൗഹാര്‍ദപരമായ സമീപനം എന്ന നിലയില്‍, നിയമങ്ങള്‍ ഉടനടി പാലിക്കുന്നതിനുള്ള അവസാന അറിയിപ്പ് ട്വിറ്റര്‍ ഇങ്കിന് നല്‍കുകയാണ്. ഐടി ആക്റ്റ് 2000ലെ 79-ാം വകുപ്പ് പ്രകാരം പാലിക്കേണ്ട ബാധ്യതകളില്‍ വീഴ്ച വരുത്തിയാല്‍, ഐടി നിയമവും ഇന്ത്യയിലെ മറ്റ് ശിക്ഷാനടപടികളും അനുസരിച്ചതുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ട്വിറ്റര്‍ ബാധ്യസ്ഥരാകും,” സര്‍ക്കാര്‍ വ്യക്തമാക്കി.
ചട്ടപ്രകാരം ആവശ്യമായ ചീഫ് കംപ്ലയിന്‍സ് ഓഫീസിന്‍റെ വിശദാംശങ്ങള്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് കമ്പനിയുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് മന്ത്രാലയം അറിയിച്ചു. ട്വിറ്റര്‍ നാമനിര്‍ദ്ദേശം ചെയ്ത റസിഡന്‍റ് ഗ്രീവന്‍സ് ഓഫീസറും നോഡല്‍ കോണ്‍ടാക്റ്റ് പേഴ്സണും ഇന്ത്യയിലെ ജീവനക്കാരല്ലെന്നും, ഇത് പുതിയ നിയമങ്ങളുമായി യോജിക്കുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്വിറ്റര്‍ ഇങ്കിന്‍റെ ഓഫീസ് വിലാസമായി നല്‍കിയിട്ടുള്ളത് ഇന്ത്യയിലെ ഒരു നിയമ സ്ഥാപനത്തിന്‍റെ വിലാസമാണ്, അത് നിയമങ്ങള്‍ക്കനുസൃതമല്ല. പുതിയ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കാണിക്കുന്ന അലംഭവം ഇന്ത്യയില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ അനുഭവം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നല്‍കുന്നതിനുള്ള വിമുഖതയായി കണക്കാക്കുമെന്നും നോട്ടീസില്‍ പറയുന്നു.