ബ്ലൂം എജുക്കേഷന് എഡിഎഫ്ഡിയില്‍ നിന്നും 53 മില്യണ്‍ ദിര്‍ഹം ഫണ്ടിംഗ്
1 min readഅബുദാബി: യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ സംരംഭമായ ബ്ലൂം എജുക്കേഷന്‍ അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റില്‍ (എഡിഎഫ്ഡി) നിന്നും 53 മില്യണ്‍ ദിര്‍ഹം ഫണ്ടിംഗ് സ്വന്തമാക്കി. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ദേശീയ കമ്പനികളെ സഹായിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം എഡിഎഫ്ഡി പ്രഖ്യാപിച്ച 1 ബില്യണ്‍ ദിര്‍ഹം ഉത്തേജന പാക്കേജിന്റെ ആദ്യ ഗുണഭോക്താക്കളില്‍ ഒന്നാണ് ബ്ലൂം എജുക്കേഷന്‍.
2011ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബ്ലൂം എജുക്കേഷന്‍ യുഎഇ വിദ്യാഭ്യാസ മേഖലയില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങളിലൊന്നാണ്. നിലവില്‍ എട്ടോളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ബ്ലൂമിന് കീഴിലുള്ളത്. 950 ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍ 8,000ത്തോളം വിദ്യാര്‍ത്ഥികളാണ് ബ്ലൂം സ്ഥാപനങ്ങളില്‍ പഠിക്കുന്നത്.
യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് മാത്രമാണ് എഡിഎഫ്ഡി ഫണ്ടിംഗിന് അര്‍ഹത. ഇവയുടെ വാര്‍ഷിക വിറ്റുവരവ് 80 മില്യണ്‍ ദിര്‍ഹത്തില്‍ കുറയരുത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി എഡിഎഫ്ഡി പ്രഖ്യാപിച്ച നിരവധി പദ്ധതികളില്‍ ഒന്ന് മാത്രമാണ് 1 ബില്യണ്‍ ദിര്‍ഹത്തിന്റെ ഉത്തേജന പാക്കേജ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, വിദേശത്ത് പ്രോജക്ടുകള്‍ നടപ്പിലാക്കിയ എമിറാറ്റി കമ്പനികള്‍ക്കായി എഡിഎഫ്ഡി 16.5 ബില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കാണ് എഡിഎഫ്ഡി മുന്‍ഗണന നല്‍കുന്നതെന്നും അതിനാല്‍ തന്നെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന എമിറാറ്റി കമ്പനികള്‍ക്ക് പിന്തുണ നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സെയ്ഫ് അല്‍ സുവൈദി പറഞ്ഞു.