എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ വരുമാനത്തില്‍ 2040ഓടെ 13 ട്രില്യണ്‍ ഡോളര്‍ നഷ്ടമാകും
ലോകത്ത് ഊര്‍ജ സംവിധാനങ്ങള്‍ കാര്‍ബണ്‍ വിമുക്തമാക്കാനുള്ള നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ 2040ഓടെ എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ വരുമാനത്തില്‍ ഏകദേശം 13 ട്രില്യണ്‍ ഡോളര്‍ നഷ്ടമാകുമെന്ന് കാര്‍ബണ്‍ ട്രാക്കര്‍ റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കാര്‍ബണ്‍ ഫൂട്പ്രിന്റ് കുറയ്ക്കുകയും ഊര്‍ജ കമ്പനികള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നത് വരും ദശാബ്ദങ്ങളില്‍ എണ്ണക്കയറ്റുമതിയില്‍ അധിഷ്ഠിമായ സമ്പദ് വ്യവസ്ഥകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് കാര്‍ബണ്‍ ട്രാക്കര്‍ പറയുന്നത്.
ഊര്‍ജ ഉപഭോഗത്തിലെ ഘടനാപരനായ മാറ്റങ്ങള്‍ മൂലമുള്ള വരുമാന വിടവിനെ നേരിടാന്‍ ലോകത്തിലെ നാല്‍പ്പതോളം എണ്ണക്കയറ്റുമതി രാഷ്ട്രങ്ങള്‍ക്ക് 9 ട്രില്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്നാണ് യുകെ ആസ്ഥാനമായ സംഘടന പറയുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ വില്‍പ്പന തകര്‍ച്ച രാജ്യങ്ങളുടെ വരുമാനത്തെ ബാധിക്കുന്നത് ഏതാണ്ട് 400 ദശലക്ഷത്തോളം ആളുകളുടെ ജീവനോപാധിയെ ബാധിക്കുമെന്നും ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലെ എണ്ണക്കയറ്റുമതിക്കാരെയാണ് പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുകയെന്നും കാര്‍ബണ്‍ ട്രാക്കര്‍ പറയുന്നു. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ നൈജീരിയയില്‍ എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ 70 ശതമാനം ഇടിവുണ്ടായാല്‍ സര്‍ക്കാരിന്റെ വരുമാനം മൂന്നിലൊന്നായി കുറയും. ദക്ഷിണാഫ്രിക്കന്‍ രാജ്യമായ അങ്കോളയില്‍ സര്‍ക്കാര്‍ വരുമാനത്തിന്റെ നാല്‍പ്പത് ശതമാനമാണ് എണ്ണ വരുമാനം കുറയുന്നതോടെ ഇല്ലാതാകുക. ഇത് 33 ദശലക്ഷം ആളുകളുടെ ജീവിതത്തെ ബാധിക്കും.
ഊര്‍ജ പരിവര്‍ത്തനത്തെ തുടര്‍ന്ന് വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ വരുമാനത്തില്‍ വലിയ വിടവുണ്ടാക്കുമെന്ന് കാര്‍ബണ്‍ ട്രാക്കറിലെ കാലാവസ്ഥ, ഊര്‍ജ, വ്യവസായ വകുപ്പ് മേധാവി ആന്‍ഡ്രൂ ഗ്രാന്റ് പറഞ്ഞു. എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന ആളുകളില്‍ ഈ പ്രതിസന്ധി മൂലമുണ്ടാകുന്ന ആഘാതം നേരിടുന്നതിനായി ആദ്യം മുമ്പിലുള്ള വെല്ലുവിളിയുടെ ആഴം മനസിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോസില്‍ ഇന്ധനങ്ങളുടെ ഉല്‍പ്പാദനം കുറച്ച് കൊണ്ട് വരുന്നത് ഊര്‍ജ പരിവര്‍ത്തനം മൂലം എണ്ണക്കയറ്റുമതി രാജ്യങ്ങളില്‍ വസിക്കുന്ന ആളുകള്‍ക്ക് മേലുണ്ടാകുന്ന ആഘാതം കുറയ്ക്കും. എന്നാല്‍ തിടുക്കം പിടിച്ച് സ്രോതസ്സുകള്‍ വിറ്റഴിക്കാനും അമിത വിതരണം നടത്താനും ശ്രമിക്കുന്നത്് ക്രൂഡ് ഓയില്‍ വിലത്തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.
യുഎഇയും സൗദി അറേബ്യയും അടക്കം പശ്ചിമേഷ്യയിലെ നിരവധി എണ്ണക്കയറ്റുമതി രാഷ്ട്രങ്ങള്‍ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ടൂറിസം, നിര്‍മാണ മേഖലകളെ ശക്തിപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. 2050ഓടെ ഭൂരിഭാഗം വൈദ്യുത സ്രോതസ്സുകളും സംശുദ്ധ ഊര്‍ജ സ്രോതസ്സാക്കി മാറ്റാനാണ് യുഎഇയുടെ ശ്രമം. യുഎഇ തലസ്ഥാനമായ അബുദാബിയിലും സുസ്ഥിര ഊര്‍ജ വ്യവസായ മേഖല പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. അടുത്തകാലത്തായി ഹൈഡ്രജന്‍ ഉല്‍പ്പാദനവും അബുദാബി ആരംഭിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യയില്‍ കാര്‍ബണ്‍ ന്യൂട്രലായി മാറുന്നതിന് വേണ്ടിയുള്ള കോടിക്കണക്കിന് ഡോളറിന്റെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്
മെക്‌സികോ, ഇറാന്‍, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളെയും ഊര്‍ജ പരിവര്‍ത്തന പ്രതിസന്ധി സാരമായി ബാധിക്കും. ഇവരുടെ വരുമാനത്തില്‍ അഞ്ചിലൊന്ന് ഇതുമൂലം നഷ്ടമാകുമെന്നാണ് അനുമാനം. അങ്കോളയിലും അസര്‍ബൈജാനിലും എണ്ണവരുമാനത്തിന്റെ 40 ശതമാനം ഇല്ലാതാകും. അതേസമയം, നോര്‍വേ, മലേഷ്യ തുടങ്ങി പല വരുമാന സ്രോതസ്സുകള്‍ ഉള്ള രാജ്യങ്ങളെ ഊര്‍ജ പരിവര്‍ത്തനത്തിന്റെ കെടുതികള്‍ സാരമായി ബാധിക്കില്ലെന്നും ഇവരുടെ വരുമാനത്തിന്റെ 5 മുതല്‍ 10 ശതമാനം വരെ മാത്രമേ നഷ്ടപ്പെടുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.