86 ശതമാനം ഐഫോണുകളില്‍ ഐഒഎസ് 14
കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി പുറത്തിറക്കിയ 86 ശതമാനം ഐഫോണുകളില്‍ ഐഒഎസ് 14 ഇന്‍സ്റ്റാള്‍ ചെയ്തതായി ആപ്പിള്‍
സാന്‍ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി പുറത്തിറക്കിയ 86 ശതമാനം ഐഫോണുകളില്‍ ഐഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തതായി ആപ്പിള്‍. ആപ്പിളിന്റെ ഡവലപ്പര്‍ വെബ്പേജില്‍ പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച്, ആകെ ഡിവൈസുകളില്‍ 80 ശതമാനവും ഐഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. പന്ത്രണ്ട് ശതമാനം ഇപ്പോഴും ഐഒഎസ് 13 ഒഎസില്‍ പ്രവര്‍ത്തിക്കുന്നു. ബാക്കി എട്ട് ശതമാനം ഡിവൈസുകള്‍ ഇപ്പോഴും ഐഒഎസ് 12 അല്ലെങ്കില്‍ അതിനുമുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഐപാഡിന്റെ കാര്യമെടുത്താല്‍, എല്ലാ ഡിവൈസുകളുടെയും 70 ശതമാനം ഐപാഡ്ഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഫെബ്രുവരി 24 വരെയുള്ള കണക്കനുസരിച്ച്, ആകെ സജീവ ഐഫോണുകളുടെ പന്ത്രണ്ട് ശതമാനം ഇപ്പോഴും ഐഒഎസ് 13 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. പഴയ ഐഒഎസ് പതിപ്പുകളിലാണ് രണ്ട് ശതമാനം ആക്റ്റീവ് ഐഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ സജീവ ഐപാഡുകളുടെയും ഏകദേശം 14 ശതമാനം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ഐപാഡ്ഒഎസ് 13 ഒഎസിലാണ്. അതേസമയം, 16 ശതമാനം ആക്റ്റീവ് ഐപാഡുകള്‍ പഴയ സോഫ്റ്റ്‌വെയര്‍ വേര്‍ഷനില്‍ തുടരുന്നു. വിഡ്ജറ്റുകള്‍, പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ വീഡിയോ, മാപ്‌സ് മെച്ചപ്പെടുത്തലുകള്‍, സഫാരി, പ്രൈവസി, സിരി, പുതിയ ‘ട്രാന്‍സ്‌ലേറ്റ്’ ആപ്പ്, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്കായി ഓപ്ഷനുകള്‍ എന്നീ മെച്ചപ്പെടുത്തലുകള്‍ നടത്തിയാണ് ആപ്പിള്‍ ഐഒഎസ് 14 അവതരിപ്പിച്ചത്.
വരാനിരിക്കുന്ന ആപ്പിള്‍ ഐഒഎസ് അപ്‌ഡേറ്റ് അനുസരിച്ച്, സിരി ഉപയോഗിച്ച് പാട്ട് പ്ലേ ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍, സ്‌പോട്ടിഫൈ പോലുള്ള തേര്‍ഡ് പാര്‍ട്ടി ഡിഫോള്‍ട്ട് മ്യൂസിക് സര്‍വീസ് തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. അതായത്, ഐഒഎസ് 14.5 അനുസരിച്ച്, പാട്ട് പ്ലേ ചെയ്യാന്‍ സിരിയോടു ആവശ്യപ്പെടുമ്പോള്‍ ഏത് ആപ്പ് ഉപയോഗിച്ച് പ്ലേ ചെയ്യണമെന്ന് തിരികെ ചോദിക്കും. ഡെവലപ്പര്‍മാര്‍ക്കും ബീറ്റ ടെസ്റ്റര്‍മാര്‍ക്കുമായി ഐഒഎസ് 14.5, ഐപാഡ്ഒഎസ് 14.5 അപ്‌ഡേറ്റുകളുടെ ബീറ്റ വേര്‍ഷന്‍ കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു.