98 ശതമാനം സൗദി സിഇഒമാരും ഈ വര്‍ഷം ക്ലൗഡ് ടെക്‌നോളജിയില്‍ നിക്ഷേപം നടത്തും: കെപിഎംജി
സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 88 ശതമാനം സിഇഒമാരും ഭീഷണി എന്നതിലുപരിയായി സാങ്കേതിക പരിവര്‍ത്തനത്തെ ഒരവസരമായാണ് കണക്കാക്കുന്നത്
ജിദ്ദ: സൗദി അറേബ്യന്‍ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ വിപ്ലവത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ തലപ്പത്തിരിക്കുന്ന 98 ശതമാനം ആളുകളും ഈ വര്‍ഷം ക്ലൗഡ് കംപ്യൂട്ടിംഗില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി ആഗോള കണ്‍സള്‍ട്ടന്‍സി കമ്പനിയായ കെപിഎംജിയുടെ 2020 സിഇഒ ഔട്ട്‌ലുക്ക് സര്‍വ്വേ വ്യക്തമാക്കുന്നു. രാജ്യത്തെ സിഇഒമാര്‍ ടെക്‌നോളജി അജന്‍ഡകളില്‍ ഈ വര്‍ഷം ക്ലൗഡ് കംപ്യൂട്ടിംഗിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, റോബോട്ടിക് പ്രൊസസ് ഓട്ടോമേഷന്‍, 5ജി എന്നിവയ്ക്കും സിഇഒമാര്‍ മുന്‍ഗണന നല്‍കുന്നതായി കെപിഎംജി വ്യക്തമാക്കി.
സാങ്കേതിക മുന്നേറ്റം സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 88 ശതമാനം സിഇഒമാരും സാങ്കേതിക പരിവര്‍ത്തനത്തെ ഒരു ഭീഷണി എന്നതിലുപരിയായി അവസരമായിട്ടാണ് കാണുന്നത്. സ്ഥാപനങ്ങള്‍ പുതിയ തൊഴില്‍ രീതികളുമായി പൊരുത്തപ്പെടുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സാങ്കേതിക മുന്നേറ്റത്തിന്റെ വേഗം വര്‍ധിച്ചതായി കെപിഎംജിയുടെ സൗദി അറേബ്യയിലെ ചീഫ് ഡിസ്‌റപ്ഷന്‍ ഓഫീസര്‍ മസ്ഹര്‍ ഹുസ്സെയ്ന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി ഡിജിറ്റല്‍ കസ്റ്റമര്‍ എക്‌സ്പീരിയന്‍സിന്റെ പരിധികളില്ലാത്ത അവസരങ്ങളാണ് സൃഷ്ടിച്ചതെന്നും ഇത് പുതിയ വരുമാന മാര്‍ഗങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചെന്നും ഹുസ്സെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, പകര്‍ച്ചവ്യാധിക്കാലത്ത് സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതായും ഇത് സൈബര്‍ സുരക്ഷ സംബന്ധിച്ച് കമ്പനികള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിച്ചെന്നും ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനികളെ പ്രേരിപ്പിച്ചെന്നും ഹുസ്സെയ്ന്‍ വ്യക്തമാക്കി. റിമോട്ട് വര്‍ക്കിംഗ് വര്‍ധിച്ചതോടെ മിക്ക കമ്പനികളുടെയും പ്രവര്‍ത്തനത്തില്‍ സുരക്ഷ വെല്ലുവിളികള്‍ കൂടി. ഇതു മൂലം കമ്പനികള്‍ സൈബര്‍ പ്രതിരോധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. അതേസമയം പകര്‍ച്ചവ്യാധി ആഗോള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സിഇഒമാരുടെ വിശ്വാസം തകര്‍ത്തതായി കെപിഎംജി സര്‍വ്വേ പറയുന്നു. ഈ വര്‍ഷം ആരംഭത്തേക്കാളും അടുത്ത മൂന്ന് വര്‍ഷത്തെ ആഗോള വളര്‍ച്ച സംബന്ധിച്ച തങ്ങളുടെ പ്രതീക്ഷകള്‍ കുറഞ്ഞതായി 32 ശതമാനം സിഇഒമാരും അഭിപ്രായപ്പെട്ടു.
ക്ലൗഡ് കംപ്യൂട്ടിംഗിന് സൗദി കമ്പനികള്‍ മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും കഴിഞ്ഞ ജനുവരിയില്‍ ജര്‍മന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ സാപ് (എസ്എപി) നടത്തിയ സര്‍വ്വേയില്‍ വിവരങ്ങളുടെ പങ്കുവെക്കല്‍ (ഡാറ്റ ഷെയറിംഗ്) പൗരന്മാരുമായുള്ള തങ്ങളുടെ ഇടപെടല്‍ മെച്ചപ്പെടുത്തിയെന്ന് സൗദിയിലെ 89 ശതമാനത്തിലധികം (അഞ്ചില്‍ നാലും) പൊതുമേഖല ഉന്നത ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നു. നിലവിലെ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലുമുള്ള ഇന്നവേഷന്‍ മെച്ചപ്പെടുത്താന്‍ ഡാറ്റ ഷെയറിംഗിലൂടെ സാധിച്ചുവെന്ന് 83 ശതമാനം ആളുകളും പ്രതികരിച്ചതായി സാപ് സര്‍വ്വേ വ്യക്തമാക്കുന്നു. 22 ശതമാനം കമ്പനികള്‍ മാത്രമാണ് പങ്കാളികളുമായി ഡാറ്റ ഷെയറിംഗ് നടത്തിയത്. അതേസമയം ജീവനക്കാര്‍ക്ക് ഡാറ്റകള്‍ വിശകലനം നല്‍കാനുള്ള പരിശീലനം നല്‍കിയത് 33 ശതമാനം കമ്പനികള്‍ മാത്രമാണ്. ഇതിനാവശ്യമായ ശേഷികളുടെ അഭാവം ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതായി 61 ശതമാനം കമ്പനികളും അഭിപ്രായപ്പെട്ടു.