ലോക പുസ്തക ദിനം : പത്ത് കിന്‍ഡില്‍ ഇ ബുക്കുകള്‍ സൗജന്യമായി നല്‍കി ആമസോണ്‍
ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് 12.29 വരെയാണ് ഈ ഓഫര്‍
ന്യൂഡെല്‍ഹി: ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഇന്ത്യയില്‍ പത്ത് കിന്‍ഡില്‍ ഇ ബുക്കുകള്‍ സൗജന്യമായി നല്‍കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പുസ്തകങ്ങളാണ് ഇതുവഴി ലഭിക്കുന്നത്. ആമസോണ്‍ എക്കൗണ്ട് സൂക്ഷിക്കുന്നവര്‍ക്ക് സ്വന്തം ഡിവൈസുകളില്‍നിന്ന് ഇ ബുക്കുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
സൗജന്യമായി ലഭിക്കുന്ന ഇ ബുക്കുകള്‍ കിന്‍ഡില്‍ അല്ലെങ്കില്‍ ആമസോണ്‍ ഫയര്‍ ടാബ്‌ലറ്റ്, സ്മാര്‍ട്ട്‌ഫോണുകളിലെ കിന്‍ഡില്‍ ആപ്പ് എന്നിവയില്‍ വായിക്കാന്‍ കഴിയും. ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് 12.29 വരെയാണ് ഈ ഓഫര്‍ ലഭിക്കുന്നത്. ഏപ്രില്‍ 23 നായിരുന്നു ലോക പുസ്തക ദിനം.
ആമസോണ്‍ എക്കൗണ്ട് ഉള്ളവര്‍ക്ക് ഈ ഓഫര്‍ കൈമാറ്റം ചെയ്യാന്‍ കഴിയില്ലെന്ന് ആമസോണ്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള പുസ്തകങ്ങളാണ് സൗജന്യമായി ലഭ്യമാക്കുന്നത്. നിലവിലെ രാജ്യം ‘ഇന്ത്യ’ എന്ന് സെറ്റ് ചെയ്ത എല്ലാ ആമസോണ്‍.ഇന്‍ ഉപയോക്താക്കളും ഈ ഓഫര്‍ ലഭിക്കുന്നതിന് അര്‍ഹരാണ്. മൈക്രോസൈറ്റില്‍നിന്ന് പത്ത് ഇ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.