കറുപ്പഴകില്‍ ടാറ്റയുടെ ഡാര്‍ക്ക് എഡിഷന്‍
അള്‍ട്രോസ്, നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, ഹാരിയര്‍ മോഡലുകളുടെ ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കി
ടാറ്റ അള്‍ട്രോസ്, നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, ഹാരിയര്‍ മോഡലുകളുടെ ഡാര്‍ക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അള്‍ട്രോസ് ഡാര്‍ക്ക് എഡിഷന് 8.71 ലക്ഷം രൂപയും നെക്‌സോണ്‍ ഡാര്‍ക്ക് എഡിഷന് 10.40 ലക്ഷം രൂപയും നെക്‌സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന് 15.99 ലക്ഷം രൂപയും ഹാരിയര്‍ ഡാര്‍ക്ക് എഡിഷന് 18.04 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ നിലവില്‍ ലഭ്യമാണെങ്കിലും അള്‍ട്രോസ്, നെക്‌സോണ്‍, നെക്‌സോണ്‍ ഇവി മോഡലുകള്‍ക്ക് ഓള്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കുന്നത് ഇതാദ്യമാണ്.
എക്‌സ്‌സെഡ് പ്ലസ് എന്ന വേരിയന്റ് അടിസ്ഥാനമാക്കിയാണ് ടാറ്റ അള്‍ട്രോസ് ഡാര്‍ക്ക് എഡിഷന്‍ വിപണിയിലെത്തിച്ചത്. പ്രീമിയം ഹാച്ച്ബാക്കിന്റെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും പ്രത്യേക വേര്‍ഷന്‍ ലഭിക്കും. പുതുതായി ‘കോസ്‌മോ ഡാര്‍ക്ക്’ കളര്‍ സ്‌കീം, ‘ഡാര്‍ക്ക്’ ടിന്റ് ഫിനിഷ് ലഭിച്ച 16 ഇഞ്ച് അലോയ് വീലുകള്‍, ബോണറ്റിലുടനീളം ഡാര്‍ക്ക് ക്രോം, മുന്നിലെ ഫെന്‍ഡറില്‍ ‘ഡാര്‍ക്ക്’ എംബ്ലം എന്നിവയാണ് കാറിനു പുറമേ വരുത്തിയ മാറ്റങ്ങള്‍. ഓള്‍ ഗ്രാനൈറ്റ് ബ്ലാക്ക് തീം ലഭിച്ചതാണ് കാബിന്‍. ഡാഷ്‌ബോര്‍ഡിന്റെ മിഡ് പാഡില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കി. ട്രൈ ആരോ പെര്‍ഫൊറേഷനുകള്‍ സഹിതം പ്രീമിയം ലെതററ്റ് സീറ്റുകള്‍, ബ്ലൂ ഡെക്കോ തുന്നലുകള്‍, മുന്നിലെ ഹെഡ്‌റെസ്റ്റില്‍ ‘ഡാര്‍ക്ക്’ എംബ്രോയ്ഡറി എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.
ടാറ്റ നെക്‌സോണ്‍ ഡാര്‍ക്ക് എഡിഷന്റെ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍, പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലായി എക്‌സ്‌സെഡ് പ്ലസ്, എക്‌സ്‌സെഡ്എ പ്ലസ്, എക്‌സ്‌സെഡ് പ്ലസ് (ഒ), എക്‌സ്‌സെഡ്എ പ്ലസ് (ഒ) എന്നീ വേരിയന്റുകളിലാണ് സബ്‌കോംപാക്റ്റ് എസ്‌യുവി ലഭിക്കുന്നത്. അറ്റ്‌ലസ് ബ്ലാക്ക് എക്‌സ്റ്റീരിയര്‍ കളര്‍, 16 ഇഞ്ച് ചാര്‍ക്കോള്‍ അലോയ് വീലുകള്‍, സോണിക് സില്‍വര്‍ ബെല്‍റ്റ്‌ലൈന്‍, ഡാര്‍ക്ക് എംബ്ലം എന്നിവയാണ് പരിഷ്‌കാരങ്ങള്‍. കാബിനില്‍ കറുത്ത ‘ട്രൈ ആരോ’ ഡാഷ്‌ബോര്‍ഡ് പാനല്‍, ട്രൈ ആരോ പെര്‍ഫൊറേഷനുകള്‍ സഹിതം കറുത്ത ലെതററ്റ് സീറ്റുകള്‍, മുന്നിലെ ഹെഡ്‌റെസ്റ്റുകളില്‍ ‘ഡാര്‍ക്ക്’ എംബ്രോയ്ഡറി, ട്രൈ ആരോ തീം സഹിതം ഡോര്‍ ട്രിമ്മുകള്‍ എന്നിവയും ലഭിച്ചു.
എക്‌സ്‌സെഡ് പ്ലസ്, എക്‌സ്‌സെഡ് പ്ലസ് ലക്‌സ് എന്നീ വേരിയന്റുകളിലാണ് ടാറ്റ നെക്‌സോണ്‍ ഇവി ഇലക്ട്രിക് എസ്‌യുവിയുടെ ഡാര്‍ക്ക് എഡിഷന്‍ വരുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക് ബോഡി കളര്‍, ചാര്‍ക്കോള്‍ ഗ്രേ അലോയ് വീലുകള്‍, സാറ്റിന്‍ ബ്ലാക്ക് ഹ്യുമാനിറ്റി ലൈന്‍, ബെല്‍റ്റ്‌ലൈന്‍, ‘ഡാര്‍ക്ക്’ എംബ്ലം എന്നിവയാണ് പരിഷ്‌കാരങ്ങള്‍. ട്രൈ ആരോ പെര്‍ഫൊറേഷനുകള്‍ സഹിതം ഡാര്‍ക്ക് തീം ലെതററ്റ് അപോള്‍സ്റ്ററി, ഇവി ബ്ലൂ ഹൈലൈറ്റ് തുന്നലുകള്‍, ട്രൈ ആരോ ഡിസൈന്‍ സഹിതം ഡാര്‍ക്ക് തീമില്‍ പിയാനോ ബ്ലാക്ക് ഡാഷ്‌ബോര്‍ഡ്, ഡോര്‍ ട്രിമ്മില്‍ ട്രൈ ആരോ പെര്‍ഫൊറേഷനുകള്‍ സഹിതം ഡാര്‍ക്ക് ലെതററ്റ് അപോള്‍സ്റ്ററി എന്നിവ കാബിനില്‍ നല്‍കി. നീല തുന്നലുകള്‍ സഹിതം സ്റ്റിയറിംഗ് വളയത്തില്‍ തുകല്‍ പൊതിഞ്ഞു. മുന്നിലെ ഹെഡ്‌റെസ്റ്റുകളില്‍ ‘ഡാര്‍ക്ക്’ എംബ്രോയ്ഡറി നല്‍കി. കപ്പ് ഹോള്‍ഡറുകള്‍ സഹിതം പിന്‍ നിര സീറ്റുകളുടെ മധ്യത്തിലായി പുതുതായി ആംറെസ്റ്റ് ലഭിച്ചു. പിന്‍ നിരയില്‍ 60:40 അനുപാതത്തില്‍ സ്പ്ലിറ്റ് സീറ്റുകള്‍, പിന്‍ നിര സീറ്റുകളില്‍ ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ് എന്നിവ നെക്‌സോണ്‍ ഇവിയില്‍ നല്‍കി.
എക്‌സ്ടി പ്ലസ്, എക്‌സ്‌സെഡ് പ്ലസ്, എക്‌സ്‌സെഡ്എ പ്ലസ് എന്നീ മൂന്ന് ടോപ് വേരിയന്റുകളില്‍ ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ലഭിക്കും. അല്‍പ്പം ഡീപ്പ് ബ്ലൂ സാന്നിധ്യത്തോടെ ഒബ്‌റോണ്‍ ബ്ലാക്ക് കളര്‍ സ്‌കീം, 18 ഇഞ്ച് ബ്ലാക്ക്‌സ്റ്റോണ്‍ അലോയ് വീലുകള്‍, പിയാനോ ബ്ലാക്ക് ഫിനിഷ് ലഭിച്ച ഹാരിയര്‍ ബാഡ്ജ് എന്നിവ എസ്‌യുവിയുടെ സവിശേഷതകളാണ്. കാബിനില്‍ ഡാര്‍ക്ക് ക്രോം ഇന്റീരിയര്‍ പാക്കേജ്, ട്രൈ ആരോ പെര്‍ഫൊറേഷനുകള്‍ സഹിതം ‘ബെനെക് കാലിക്കോ’ ലെതററ്റ് അപോള്‍സ്റ്ററി, മുന്നിലെ സീറ്റുകളില്‍ ‘ഡാര്‍ക്ക്’ എംബ്രോയ്ഡറി എന്നിവ നല്‍കി.