കെട്ടകാലത്തും മാനുഷിക മൂല്യങ്ങള്‍ ജനമധ്യത്തിലേക്ക് എത്തിക്കാന്‍ ഇവര്‍
- പനോരമ ഇന്‍റര്‍നാഷണല്‍ ആര്‍ട്സ് ആന്‍ഡ് സ്കള്‍പ്ചര്‍ ഫെസ്റ്റിവലിന് തുടക്കമായി
- പങ്കെടുക്കുന്നത് ലോകമെമ്പാടുമുള്ള നൂറുകണക്കിന് ചിത്രകാരന്മാരും ശില്പികളും
ലോകം കോവിഡ് 19 ന്‍റെ ആഘാതത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും മാനുഷിക മൂല്യങ്ങള്‍ ജനമധ്യത്തിലേക്ക് എത്തിക്കാന്‍ പ്രയത്നിക്കുകയാണ് ഒരു കൂട്ടം ചിത്രകാരന്മാരും ശില്പികളും. ഇറ്റലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ റൈറ്റേഴ്സ് ക്യാപിറ്റല്‍ സംഘടിപ്പിക്കുന്ന പനോരമ ഇന്‍റര്‍നാഷണല്‍ ആര്‍ട്സ് ആന്‍ഡ് സ്കള്‍പ്ചര്‍ ഫെസ്റ്റിവലിന് കഴിഞ്ഞ ദിവസം തുടക്കമായതോടെ ലോകമെമ്പാടുമുള്ള നൂറു കണക്കിന് ചിത്രകാരډാരാണ് മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരത അവസാനിപ്പിക്കുക എന്ന ആശയത്തില്‍ രചനകള്‍ ആരംഭിച്ചത്.
അമ്പതിലധികം രാജ്യങ്ങളിലുള്ള ചിത്രകാരന്മാര്‍ അണിനിരക്കുന്ന പരിപാടി ഇത്തവണ ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. ഇതിനകം തന്നെ മുന്നൂറിലധികം ചിത്രങ്ങളാണ് പരിപാടിയുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. ഇതില്‍ ലോകോത്തര നിലവാരത്തിലുള്ള, ചിത്രകലയിലെ വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ, പെയിന്‍റിങ്ങുകളുണ്ട്. ഇവയൊക്കെ കോവിഡ് 19 ഉണ്ടാക്കിയ കെടുതികളില്‍ നിന്ന് ലോകം മുക്തരാവുന്ന മുറയ്ക്ക് ഒരുമിച്ചു പ്രദര്‍ശിപ്പിക്കാനും സംഘാടകള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.
ജനമധ്യത്തിലേക്ക് ആശയങ്ങള്‍ എത്തിക്കുവാനുള്ള ഏറ്റവും മികച്ച ഉപായങ്ങളാണ് സാഹിത്യം, ചിത്രകല തുടങ്ങിയവ. ഇവയിലൂടെ മാനുഷിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് ഈ പരിപാടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇംഗ്ലിഷ് സാഹിത്യകാരനും സംഘടനയുടെ സ്ഥാപക പ്രസിഡന്‍റുമായ പ്രീത് നമ്പ്യാര്‍ പറഞ്ഞു. എഴുത്തുകാരുടെ ആഗോള സമ്മേളനമായ പനോരമ ഇന്‍റര്‍നാഷണല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഇതേ ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണ്. ഇക്കഴിഞ്ഞ വര്‍ഷം ഭാരതീയ സംസ്കാരം വിവക്ഷണം ചെയ്യുന്ന ‘വസുധൈവ കുടുംബകം’ (വണ്‍ വേള്‍ഡ്) എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലോകത്തെമ്പാടുമുള്ള നൂറു കണക്കിന് പേരാണ് പങ്കെടുത്തത്.
ഗ്രീസിലെ ഏതന്‍സാണ് ഇത്തവണ പനോരമ ഇന്‍റര്‍നാഷണല്‍ ആര്‍ട്സ് ആന്‍ഡ് സ്കള്‍പ്ചര്‍ ഫെസ്റ്റിവലിന് ആതിഥേയത്വം നിര്‍വഹിക്കുന്നത്. ഈ പരിപാടികള്‍ കൂടാതെ കൊറോണ കാലത്ത് തെരുവിലായ മനുഷ്യരേയും മൃഗങ്ങളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ പലയിടങ്ങളിലായി വിശക്കുന്നവര്‍ക്ക് ആഹാരമെത്തിക്കുക എന്ന കര്‍ത്തവ്യം കൂടി നിര്‍വഹിക്കുന്നുണ്ട് സംഘടന.