Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തലച്ചോറില്‍ വിവരങ്ങളുടെ അപഗ്രഥനം നടക്കുന്നത് പ്രോട്ടീനുകളുടെ സഹായത്താല്‍

ഒരു ന്യൂറോണില്‍ നിന്നും മറ്റൊരു ന്യൂറോണിലേക്കുള്ള വിവരക്കൈമാറ്റം സാധ്യമാക്കുന്നതിന് നിരവധി പ്രോട്ടീനുകള്‍ ആവശ്യമാണെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍

നാഡീകോശങ്ങളിലൂടെയുള്ള വിവരക്കൈമാറ്റം സാധ്യമാക്കുന്നതിന് വിവിധതരം പ്രോട്ടീനുകള്‍ തമ്മിലുള്ള സങ്കീര്‍ണമായ ഇടപെടല്‍ ആവശ്യമാണെന്ന് ഗവേഷകര്‍. നാഡീവ്യവസ്ഥയുടെ അടിസ്ഥാനമായ ന്യൂറോണുകള്‍ക്കിടയിലുള്ള ഈ വിവരക്കൈമാറ്റത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന സിനാപ്റ്റിക് വെസിക്കിളുകളിലെ ഈ പ്രക്രിയയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയാണ് മാര്‍ട്ടിന്‍ ലൂഥര്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. ജേണല്‍ നേച്ചര്‍ കമ്മ്യൂണിക്കേഷനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശരീരത്തിലെ അനേകം ശതകോടി നാഡീകോശങ്ങള്‍ അന്യോന്യം സംവദിച്ചാണ് മനുഷ്യരും മറ്റ് ജീവജാലങ്ങളും അവരുടെ അന്തരീക്ഷത്തെ മനസിലാക്കുന്നതും ഇടപെടലുകള്‍ നടത്തുന്നതും. മില്ലിസെക്കന്‍ഡുകള്‍ കൊണ്ട് സങ്കീര്‍ണമായ നിരവധി കെമിക്കല്‍, ഇലക്ട്രിക്കല്‍ പ്രക്രിയകളാണ് ഈ വിവരക്കൈമാറ്റ പ്രക്രിയയില്‍ നടക്കുന്നത്. നാഡീകോശങ്ങളുടെ സിനാപ്‌സുകളില്‍ നിന്ന് ന്യൂറോട്രാന്‍സ്മിറ്ററുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക സന്ദേശവാഹക പദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇവയാണ് ഓരോ നാഡീകോശങ്ങള്‍ക്കുമിടയിലുള്ള വിവരക്കൈമാറ്റം സാധ്യമാക്കുന്നതെന്ന് എംഎല്‍ സര്‍വ്വകലാശാലയിലെ പ്രഫസറായ ഡോ.ക്ലാര സ്‌ക്മിഡിറ്റ് വിശഗദീകരിച്ചു. ഈ സന്ദേശവാഹക പദാര്‍ത്ഥങ്ങള്‍ സിനാപ്റ്റിക് വെസിക്കിള്‍ എന്ന് വിളിക്കുന്ന ചെറിയ അറകളിലേക്ക് പാക്ക് ചെയ്യപ്പെടുന്നു. ഇലക്ട്രിക്കല്‍ ഇംപള്‍സുകള്‍ (ആവേഗങ്ങള്‍) ഉണ്ടാകുമ്പോള്‍ ഈ സിനാപ്റ്റിക് വെസിക്കിളുകളാണ് കോശസ്തരത്തോട് ഒട്ടിനിന്ന് സന്ദേശവാഹക പദാര്‍ത്ഥങ്ങള്‍ പുറത്തുവിടുന്നത്.

  കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്

തുടര്‍ന്ന് അടുത്ത നാഡീകോശത്തിലെ പ്രത്യേക റിസപ്റ്റര്‍ പ്രോട്ടീനുകള്‍ ഈ സന്ദേശവാഹക പദാര്‍ത്ഥങ്ങളെ തിരിച്ചറിയുന്നു. ഇത് സംഭവിക്കണമെങ്കില്‍ നിരവധി പ്രോട്ടീനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഈ പ്രക്രിയ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് നടക്കുന്നത് എന്നത് സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് നിലവില്‍ ലഭ്യമല്ലെന്ന് സ്‌ക്മിഡിറ്റ് പറയുന്നു. പ്രത്യേകതരത്തിലുള്ള മാസ് സ്‌പെക്ട്രോമെട്രി ഉപയോഗിച്ചാണ് ഗവേഷകസംഘം ഈ പ്രക്രിയയെ കുറിച്ച് അന്വേഷണങ്ങള്‍ നടത്തിയത്. ക്രോസ്സ് ലിങ്കിംഗ് മാസ് സ്‌പെക്ട്രോമെട്രി പ്രോട്ടീനുകള്‍ പരസ്പരം ബന്ധപ്പെടുന്ന സ്ഥലങ്ങള്‍ മനസിലാക്കാന്‍ ഇവരെ സഹായിച്ചു.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

അടുത്തടുത്തുള്ള പ്രോട്ടീനുകളെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന പദാര്‍ത്ഥങ്ങള്‍ പ്രോട്ടീനുകളുടെ പരസ്പരമുള്ള ഇടപെടല്‍ അനുസരിച്ച് പല സ്ഥലങ്ങളില്‍ പലതരത്തില്‍ പ്രതികരിക്കുന്നു.മാസ് സ്‌പെക്ട്രോമീറ്റര്‍ അനാലിസിസിലൂടെ ഈ ബൈന്‍ഡിംഗ് പാറ്റേണുകള്‍ കണ്ടെത്താനാകും. അതിലൂടെ പ്രോട്ടീനുകളുടെ വിന്യാസത്തെ കുറിച്ചും മനസിലാക്കാന്‍ കഴിയും.അങ്ങനെ വന്നാല്‍ വെസിക്കിളുകളുടെ വിവിധ ഘട്ടങ്ങള്‍ പരിശോധിക്കാനും ഏത് പ്രോട്ടീന്‍ ശൃംഖലയാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കാനും ഗവേഷകര്‍ക്ക് കഴിയും. നാഡീകോശങ്ങളിലെ സിഗ്നല്‍ക്കൈമാറ്റ പ്രക്രിയയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നതാണ് എംഎല്‍ സര്‍വ്വകലാശാല ഗവേഷകരുടെ പഠനം. ഈ സാധാരണ പ്രക്രിയയെ കുറിച്ച് കൂടുതലറിയാന്‍ കഴിഞ്ഞാല്‍ അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന നാഡീകോശങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ കണ്ടെത്താനും ശാസ്ത്രജ്ഞര്‍ക്ക് കഴിയും.

  സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024
Maintained By : Studio3