ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടി, സാബികിന്റെ ആദ്യപാദ അറ്റാദായം ഇരട്ടിയായി
1 min readആഗോളതലത്തില്‍ പെട്രോകെമിക്കലുകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്ന സാഹചര്യത്തില്‍ സൗദിയിലെ പെട്രോകെമിക്കല്‍ ഉല്‍പ്പാദകരുടെ വില്‍പ്പന വില കൂടി
റിയാദ്: സൗദി അറേബ്യയിലെ പെട്രോകെമിക്കല്‍ ഭീമനായ സാബികിന്റെ (സൗദി ബേസിസ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍) ആദ്യപാദ അറ്റാദായം കഴിഞ്ഞ വര്‍ഷം അവസാന പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധിച്ച് 4.86 ബില്യണ്‍ റിയാലായി (1.3 ബില്യണ്‍ ഡോളര്‍). ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ അറ്റാദായം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1.05 ബില്യണ്‍ റിയാല്‍ നഷ്ടമാണ് സാബിക് റിപ്പോര്‍ട്ട് ചെയ്തത്.
2020 നാലാംപാദത്തെ അപേക്ഷിച്ച് ഉല്‍പ്പന്നങ്ങളുടെ ശരാശരി വില്‍പ്പന വില 22 ശതമാനം ഉയര്‍ന്നു. മുന്‍പാദത്തെ അപേക്ഷിച്ച് 2021ലെ ആദ്യപാദത്തില്‍ സാബികിന്റെ സാമ്പത്തിക പ്രകടനം വളരെയധികം മെച്ചപ്പെട്ടതായി കമ്പനി അറിയിച്ചു. ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടിയതും എണ്ണവില വര്‍ധിച്ചതും പ്രധാന ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട ഡിമാന്‍ഡ് അനുഭവപ്പെട്ടതും വിതരണം ദൃഢമായിരുന്നതും അറ്റാദായത്തെ വലിയ തോതില്‍ സ്വാധീനിച്ചതായും കമ്പനി പറഞ്ഞു. റെഫനിറ്റീവ് ഐക്കണിലെ അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നതിനേക്കാള്‍ മികച്ച ലാഭമാണ് 2021 ആദ്യപാദത്തില്‍ കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ആദ്യപാദത്തില്‍ സാബിക് 3.68 ബില്യണ്‍ സൗദി റിയാല്‍ ലാഭം നേടുമെന്നായിരുന്നു ഇവര്‍ പ്രവചിച്ചിരുന്നത്.
2020 നാലാംപാദത്തെ അപേക്ഷിച്ച് 2021 ആദ്യപാദത്തില്‍ ബ്രെന്റ് ക്രൂഡ് വിലയില്‍ 39 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഒരു വര്‍ഷം നീണ്ട ലോക്ക്ഡൗണുകളില്‍ നിന്ന് സമ്പദ് വ്യവസ്ഥകള്‍ മുക്തമായതോടെ പെട്രോകെമിക്കലുകള്‍ക്ക് ആഗോളതലത്തില്‍ ഉണ്ടായ ഡിമാന്‍ഡ് വര്‍ധന സൗദി അറേബ്യയിലെ പെട്രോകെമിക്കല്‍ മേഖലയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്തിരുന്നു.
നേരത്തെ സാഫ്‌കോ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സാബിക് അഗ്രി ന്യൂട്രിയന്റ്‌സ് എന്ന സാബിക് യൂണിറ്റ് ആദ്യപാദ അറ്റാദായം 39 ശതമാനം ഉയര്‍ന്ന് 423 മില്യണ്‍ റിയാല്‍ ആയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഡ്വാന്‍സ്ഡ് പെട്രോകെമിക്കല്‍ കമ്പനിയും ആദ്യപാദ അറ്റ വരുമാനം 64 ശതമാനം ഉയര്‍ന്ന് 171 മില്യണ്‍ റിയാല്‍ ആയതായി അറിയിച്ചു. പോളിപ്രൊപ്പലീന്‍ വില്‍പ്പനയില്‍ 36 ശതമാനം വളര്‍ച്ചയുണ്ടായതാണ് അഡ്വാന്‍സ്ഡ് പെട്രോകെമിക്കല്‍ കമ്പനിക്ക് നേട്ടമായത്.