Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൂറിസം വളര്‍ച്ച: ടിക്‌ടോകുമായി കൈകോര്‍ത്ത് അബുദാബി ടൂറിസം ഡിപ്പാര്‍ട്‌മെന്റ്

‘വിസിറ്റ് അബുദാബി’ എന്ന പേരില്‍ ടൂറിസം ഡിപ്പാര്‍ട്‌മെന്റ് സ്വന്തമായി ടിക്‌ടോക് ചാനല്‍ ആരംഭിച്ചു

അബുദാബി: അബുദാബിയിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം (ഡിസിടി അബുദാബി) സോഷ്യല്‍ മീഡിയ ഭീമനായ ടിക്‌ടോകുമായി ഔദ്യോഗിക പങ്കാളിത്തം ആരംഭിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി വിസിറ്റ് അബുദാബി എന്ന പേരില്‍ ടൂറിസം ഡിപ്പാര്‍ട്‌മെന്റ് സ്വന്തമായി ടിക്‌ടോക് ചാനലിന് തുടക്കമിട്ടു. അബുദാബിയിലെ ഏറ്റവും മികച്ച ഇടങ്ങളെ കുറിച്ചും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ സര്‍ഗാത്മകമായും ആധികാരികമായും ആഗോള പ്രേക്ഷകരുമായി പങ്കുവെക്കാനുള്ള ഇടമായിരിക്കും വിസിറ്റ് അബുദാബിയെന്ന് ഡിസിടി അബുദാബി പ്രസ്താവനയിലൂടെ അറിയിച്ചു. ആത്യന്തികമായി ടൂറിസം വളര്‍ച്ചയാണ് ഈ പങ്കാളിത്തത്തിലൂടെ അബുദാബി ലക്ഷ്യമിടുന്നത്.

ഇതിനോടകം തന്നെ വിസിറ്റ് അബുദാബിക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ ലോകത്ത് ലഭിച്ചിരിക്കുന്നത്.

എമിറേറ്റിലെ നിവാസികളും പൗരന്മാരും തയ്യാറാക്കുന്ന അതുല്യമായ ദൃശ്യങ്ങളിലൂടെ അബുദാബിയെ കുറിച്ച് അറിയാനുള്ള അവസരം കാണികള്‍ക്ക് നല്‍കുന്നു എന്നതിനാല്‍ ഈ പങ്കാളിത്തം സമാനതകളില്ലാത്തതാണെന്ന് ഡിസിടി അബുദാബിയിലെ ടൂറിസം, മാര്‍ക്കറ്റിംഗ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അലി ഹസ്സന്‍ അല്‍ ഷൈബ പറഞ്ഞു. എമിറേറ്റിലെ ലോകപ്രസിദ്ധമായ സ്ഥലങ്ങളെ കുറിച്ചും അബുദാബി ജനതയെ കുറിച്ചും അവിടുത്തെ സേവനങ്ങളെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ കാണികള്‍ക്ക് കാണാനാകും. ടിക്‌ടോകുമായുള്ള കൂട്ടുകെട്ടിലൂടെയും സര്‍ഗാത്മക ഉള്ളടക്കത്തിലൂടെയും ഈ ചാനലിന് വലിയ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷൈബ പറഞ്ഞു. ഉള്ളടക്ക നിര്‍മാതാക്കളും സ്റ്റോറിടെല്ലേഴ്‌സുമാകാനുള്ള അപൂര്‍വ്വ അവസരമാണ് ഡിസിടി അബുദാബിക്ക് ടിക് ടോക് നല്‍കുന്നതെന്ന് ടിക് ടോകിന്റെ പശ്ചിമേഷ്യ, തുര്‍ക്കി, ആഫ്രിക്ക, പാക്കിസ്ഥാന്‍ മേഖലകളിലെ ഗ്ലോബല്‍ ബിസിനസ് സൊലൂഷന്‍സ് ജനറല്‍ മാനേജര്‍ ശന്ത് ഒക്‌നയന്‍ പറഞ്ഞു.

ഡിസംബറില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഔദ്യോഗികമായി ടിക് ടോകില്‍ അംഗമായിരുന്നു. പ്രാദേശികമായി, ടിക് ടോകില്‍ വലിയ സ്വാധീനമുള്ളവരുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായത്. ജിസിസി മേഖലയിലെ ആദ്യ പത്ത് ടിക് ടോക് വ്യക്തിത്വങ്ങളുടെ മൊത്തത്തിലുള്ള ഫോളോവേഴ്‌സിന്റെ എണ്ണം 2020 തുടക്കത്തിലെ 24.6 മില്യണില്‍ നിന്നും ഈ വര്‍ഷം ഫെബ്രുവരിയോടെ 54.6 മില്യണായി വര്‍ധിച്ചു.

Maintained By : Studio3