യുഎഇ പാരിസ്ഥിതിക മന്ത്രാലയം അമ്പത് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വെട്ടിക്കുറയ്ക്കും
ജൈവോല്‍പ്പന്നങ്ങള്‍ക്ക് ‘ഓര്‍ഗാനിക്’ ലോഗോ ഉപയോഗിക്കുന്നതിനുള്ള ഫീസ് വേണ്ടെന്ന് വെച്ചു, നേരത്തെ ഇത് 5,000 ദിര്‍ഹമായിരുന്നു
ദുബായ്: അമ്പതോളം സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വെട്ടിക്കുറയ്ക്കാനും വേണ്ടെന്ന് വെക്കാനും യുഎഇയിലെ കാലാവസ്ഥാ വ്യതിയാന, പാരിസ്ഥിതിക മന്ത്രാലയം തീരുമാനിച്ചു. നാളെ മുതല്‍ 44 സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറയ്ക്കാനും ആറ് സേവനങ്ങള്‍ക്കുള്ള ഫീസ് വേണ്ടെന്ന് വെക്കാനുമാണ് തീരുമാനം. മന്ത്രാലയത്തിന് കീഴിലുള്ള മേഖലകളിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയാണ് ഫീസിളവിന്റെ ലക്ഷ്യം.
കന്നുകാലി ഇറക്കുമതിയും കയറ്റുമതിയും (ആറ് സേവനങ്ങള്‍), കുതിര ഇറക്കുമതി (രണ്ട് സേവനങ്ങള്‍), പരുന്തുകളുടെ ഇറക്കുമതിയും കയറ്റുമതിയും (മൂന്ന് സേവനങ്ങള്‍), വളര്‍ത്തുമൃഗങ്ങളുടെ ഇറക്കുമതി (മൂന്ന് സേവനങ്ങള്‍), വെറ്ററിനറി ഉല്‍പ്പന്നങ്ങളും കമ്പനികളും (നാല് സേവനങ്ങള്‍), മറ്റ് മൃഗങ്ങളുടെ കയറ്റിറക്കുമതി (15 സേവനങ്ങള്‍), വളങ്ങളുടെയും കീടനാശിനികളുടെയും വില്‍പ്പന (അഞ്ച് സേവനങ്ങള്‍), കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റിറക്കുമതി (ഏഴ് സേവനങ്ങള്‍), പ്രത്യേക പ്രൊഫഷനുകളുടെയും ആക്റ്റിവിറ്റികളുടെയും പ്രാക്ടീസ് എന്നിങ്ങനെ ഒമ്പത് വിഭാഗങ്ങളിലുള്ള സേവനങ്ങള്‍ക്കാണ് ഫീസിളവ് ബാധകം.
പുതിയ ഇനം ചെടികള്‍ പരിശോധിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള ഫീസ് വേണ്ടെന്ന് വെച്ചു. നേരത്തെ ഇവ രണ്ടിനും 10,000 ദിര്‍ഹം വീതമായിരുന്നു ഫീസ്. പുതിയ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഈ ഫീസ് വേണ്ടെന്ന് വെച്ചത്. ജൈവോല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഗാനിക് ലോഗോ ഉപയോഗിക്കുന്നതിനുള്ള പെര്‍മിറ്റിനായുള്ള ഫീസും വേണ്ടെന്ന് വെച്ചിട്ടുണ്ട്. മുമ്പ് ഇതിന് 5,000 ദിര്‍ഹമായിരുന്നു ഫീസ്. ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
സങ്കരത്തിനായി പുതിയ ഇനകളുടെ ഇറക്കുമതിയിലൂടെ പ്രാദേശിക കന്നുകാലി ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനായി ചെമ്മരിയാട്, ആട് എന്നിവയുടെ ചരക്ക് വിട്ടുകിട്ടുന്നതിനായുള്ള ഫീസും (മുമ്പ് കന്നുകാലി ഒന്നിന് 100 ദിര്‍ഹം) പശു, പോത്ത് എന്നിവയുടെ ചരക്ക് വി്ട്ടുകിട്ടുന്നതിനുള്ള ഫീസും (നേരത്തെ ഒരു കന്നുകാലിക്ക് 200 ദിര്‍ഹം) വേണ്ടെന്ന് വെച്ചിട്ടുണ്ട്. പിഴ വൈകി അടയ്ക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് ഇളവ് അനുവദിക്കാനും ഗവേഷണങ്ങള്‍ക്കും പരിശോധന എന്നിവയ്്ക്കുള്ള സാമ്പിളുകളുടെ ഇറക്കുമതി, കയറ്റുമതി, വിട്ടുകിട്ടല്‍, ലാബ് അനാലിസിസ് എന്നിവയ്ക്ക് അനുമതി തേടുന്നതിനായി ലബോറട്ടറികളില്‍ നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കിയിരുന്ന ഫീസ് വേണ്ടെന്ന് വെക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകളില്‍ നിന്നും സബ്‌സിഡികള്‍ നേടുന്ന ചെറുകിട സംരംഭങ്ങളെയും ഫീസുകളില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്.