കോവിഡ് വ്യാപനം: യുഎസ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു
1 min readന്യൂയോര്‍ക്ക്: കോവിഡ് രൂക്ഷമായി പിടിമുറുക്കുന്ന ഇന്ത്യയെ സഹായിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം ഇന്യൂഡെല്‍ഹിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ വക്താവ് ജെന്‍ സാകി.എന്നിരുന്നാലും, ഇന്ത്യ ആവശ്യപ്പെട്ട വാക്സിന്‍ അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് അമേരിക്ക നീക്കുമോ അതോ അസ്ട്രസെനെക്ക വാക്സിനുകളുടെ ഉപയോഗിക്കാത്ത ശേഖരം പങ്കിടുമോ എന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല.
പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായി രാഷ്ട്രീയ, വിദഗ്ധ തലത്തിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി യുഎസ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. “ഈ കാലയളവില്‍ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ചുള്ള നിരവധി തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്,” അവര്‍ പറയുന്നു.
”മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഞങ്ങള്‍ ഇന്ത്യയ്ക്ക് അടിയന്തിര ദുരിതാശ്വാസ സാധനങ്ങള്‍, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ നല്‍കി.ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും വെന്‍റിലേറ്ററുകളും നല്‍കി. ഭാവിയില്‍ മഹാമാരികള്‍ക്കായി തയ്യാറെടുക്കുന്നതിനും നിലവിലുള്ള അവസ്ഥയെ നേരിടുന്നതിനും സഹായിക്കുന്നതിന് 1.4 ബില്യണ്‍ ഡോളര്‍ ആരോഗ്യ സഹായവും യുഎസ് നല്‍കിയിട്ടുണ്ട്” എന്ന് സാകി അവകാശപ്പെട്ടു. അന്താരാഷ്ട്ര സഹായങ്ങള്‍ നല്‍കുന്ന ഏജന്‍സിയായ യുഎസ്ഐഐഡി പ്രകാരം 20 വര്‍ഷത്തെ കാലയളവില്‍ ഇന്ത്യയിലെ ആരോഗ്യ പരിപാടികള്‍ക്കുള്ള മൊത്തം യുഎസ് സഹായമാണ് അവര്‍ ഉദ്ധരിച്ച 1.4 ബില്യണ്‍ ഡോളര്‍. കോവിഡ് -19 പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനായി 5.9 മില്യണ്‍ ഡോളര്‍ മാത്രമാണ് നേരിട്ട് നല്‍കിയിട്ടുള്ളത്, അത് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു.
വാക്സിന്‍ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് ജലീന പോര്‍ട്ടറും ചോദ്യം ഒഴിവാക്കി. പകരം, അവശ്യസാധനങ്ങളുടെ ചലനം സുഗമമാക്കുന്നതിനും അവരുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുമായി യുഎസ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുകയാണ് എന്ന് പറഞ്ഞു.വൈറസ് വ്യാപനത്തിന്‍റെ ഈ ഘട്ടത്തെ നേരിടാന്‍ എല്ലാ തലങ്ങളിലും ഇന്ത്യയുമായി ആഴത്തില്‍ ഇടപഴകുന്നു എന്നും ജെലീന പോര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റൊരു ബ്രീഫിംഗില്‍, വൈറ്റ് ഹൗസ് കൊറോണ വൈറസ് റെസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ജെഫ്രി സിയന്‍റ്സിനോട് ചോദിച്ചത്, സ്റ്റോക്ക് ചെയ്തതും എന്നാല്‍ യുഎസില്‍ ഉപയോഗിക്കാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതുമായ ആസ്ട്രാസെനെക്ക വാക്സിനുകള്‍ ഇന്ത്യയുമായി പങ്കിടുമോ എന്നാണ്. അദ്ദേഹം അതിന് നേരിട്ട് ഉത്തരം നല്‍കിയില്ല; പകരം, “ഇന്ത്യയുടെ പൊതുജനങ്ങളോട് ഞങ്ങള്‍ക്ക് ദീര്‍ഘകാല പ്രതിബദ്ധതയുണ്ട്” എന്നും കോവിഡ് -19 പ്രതികരണത്തില്‍ യുഎസ് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.