ജസ്റ്റിസ് എന്‍ വി രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡെല്‍ഹി: ഇന്ത്യയുടെ 48മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേറ്റു.പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, രാഷ്ട്രപതി ഭവനിലെ മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്‍ വി രമണയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2022 ഓഗസ്റ്റ് 26 വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി. 2014 ഫെബ്രുവരി 17 ന് സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെടുംമുമ്പ് ജസ്റ്റിസ് രമണ ദില്ലി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് രമണയെ 2000 ല്‍ ആന്ധ്ര ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് എന്‍ വി.രമണയുടെ നിയമന ഉത്തരവ് ഏപ്രില്‍ ആറിന് രാഷ്ട്രപതി ഒപ്പുവെച്ചിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഏപ്രില്‍ 23 നാണ് വിരമിച്ചത്.
ജസ്റ്റിസ് രമണ സുപ്രീം കോടതിയില്‍ നിരവധി ഉന്നത കേസുകളില്‍ അധ്യക്ഷത വഹിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തിന്‍റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഒരു കൂട്ടം നിവേദനങ്ങള്‍ നല്‍കിയത് പരിഗണിച്ചത് അദ്ദേഹത്തിന്‍റെ ബഞ്ചായിരുന്നു.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അനുരാധ ഭാസിന്‍ നല്‍കിയ കേസില്‍ ഇന്ത്യയിലെ മൗലികാവകാശങ്ങളുടെ സ്വഭാവം ജസ്റ്റിസ് രമണ വിശദീകരിച്ചു. ഇന്‍റര്‍നെറ്റ് സേവനം മൗലികാവകാശമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ വിധി കശ്മീര്‍ താഴ്വരയില്‍ ഇന്‍റര്‍നെറ്റിന്‍റെ തിരിച്ചുവരവ് ഉറപ്പാക്കി. കര്‍ണാടകയില്‍ കോണ്‍ഗ്രസിലെ 17 വിമത എംഎല്‍എമാരുടെയും ജെഡിഎസ് എംഎല്‍എമാരുടെയും രാജിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിയമപരമായ പ്രതിസന്ധി പരിഗണിച്ചതും ജസ്റ്റിസ് രമണയായിരുന്നു.