പാകിസ്ഥാനില്‍ ടിക്‌ടോക് നിരോധിക്കുന്നു
കോടതി ഉത്തരവിനെതുടര്‍ന്നാണ് ആപ്പിനെതിരെ നടപടി വരുന്നത്
ന്യൂഡെല്‍ഹി: ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക് പാകിസ്ഥാനില്‍ നിരോധിക്കും. കോടതി ഉത്തരവിനെതുടര്‍ന്നാണ് ആപ്പിനെതിരെ നടപടി വരുന്നത്. ഇതുസംബന്ധിച്ച് പെഷവാര്‍ ഹൈക്കോടതി പാകിസ്ഥാന്‍ ടെലികോം അതോറിറ്റിക്ക് (പിടിഎ) നിര്‍ദേശം നല്‍കി. സ്വകാര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. സഭ്യേതര ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന പരാതിയാണ് ടിക്‌ടോക്കിനെതിരെ കോടതി കയറിയത്.
കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ടിക്‌ടോക്കിനെതിരായ നിരോധനം പാകിസ്ഥാന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. മോശം ഉള്ളടക്കം പ്രചരിപ്പിക്കുന്ന എല്ലാ എക്കൗണ്ടുകളും ബ്ലോക്ക് ചെയ്തുവെന്ന കമ്പനിയുടെ അറിയിപ്പിനെ തുടര്‍ന്നായിരുന്നു ഇത്. ടിക്‌ടോക്കിന് പാകിസ്ഥാനില്‍ 20 മില്യണ്‍ പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഉള്ളത്.
കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ പാകിസ്ഥാനില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൂന്നാമത്തെ ആപ്പായി ടിക്‌ടോക് മാറിയിരുന്നു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ടിക്‌ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.