ഫിക്‌സ്ഡ് ബാറ്ററിയുമായി പിയാജിയോയുടെ ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍
1 min readആപ്പെ ഇ-സിറ്റി എഫ്എക്‌സ്, ആപ്പെ ഇ-എക്‌സ്ട്രാ എഫ്എക്‌സ് അവതരിപ്പിച്ചു
ന്യൂഡെല്‍ഹി: പിയാജിയോ ആപ്പെ ഇ-സിറ്റി എഫ്എക്‌സ്, ആപ്പെ ഇ-എക്‌സ്ട്രാ എഫ്എക്‌സ് എന്നീ രണ്ട് ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫിക്‌സ്ഡ് ബാറ്ററി നല്‍കിയാണ് രണ്ട് എഫ്എക്‌സ് മോഡലുകളും വിപണിയിലെത്തിച്ചത്. യഥാക്രമം, പാസഞ്ചര്‍, കാര്‍ഗോ സെഗ്‌മെന്റുകള്‍ ലക്ഷ്യമാക്കിയാണ് ‘ഇലക്ട്രിക്’ മോഡലുകള്‍ പുറത്തിറക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതി അനുസരിച്ചുള്ള സബ്‌സിഡി രണ്ട് വാഹനങ്ങള്‍ക്കും ലഭിക്കും. സബ്‌സിഡി ലഭിച്ചശേഷം ആപ്പെ ഇ-സിറ്റി എഫ്എക്‌സ് മോഡലിന് 2.84 ലക്ഷം രൂപയും ആപ്പെ ഇ-എക്‌സ്ട്രാ എഫ്എക്‌സ് വാഹനത്തിന് 3.12 ലക്ഷം രൂപയുമാണ് കേരളമൊഴികെ ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. ഓണ്‍ലൈനിലും പിയാജിയോ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താം. അടുത്ത മാസം മുതല്‍ ഘട്ടംഘട്ടമായി ഡെലിവറി ആരംഭിക്കും.
സ്വാപ്പ് ചെയ്യാന്‍ കഴിയുന്ന ബാറ്ററിയുമായി 2019 ല്‍ ഇന്ത്യയില്‍ ആപ്പെ ഇ-സിറ്റി പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഫിക്‌സ്ഡ് ബാറ്ററി നല്‍കിയിരിക്കുകയാണെന്ന് പിയാജിയോ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡിയാഗോ ഗ്രാഫി പറഞ്ഞു. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളുമായി ചേര്‍ന്നുപോകുന്നതാണ് തങ്ങളുടെ കാഴ്ച്ചപ്പാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപയോക്താക്കളുടെ ആവശ്യത്തെതുടര്‍ന്നാണ് ഫിക്‌സ്ഡ് ബാറ്ററി മോഡല്‍ കൊണ്ടുവന്നത്. പുതിയ മോഡലുകള്‍ക്കൊപ്പം നിലവിലെ രണ്ട് ആപ്പെ ഇ-സിറ്റി വാഹനങ്ങള്‍ തുടര്‍ന്നും വില്‍ക്കും.
7.5 കിലോവാട്ട് ഔര്‍ (48 വോള്‍ട്ട്) ലിഥിയം അയണ്‍ ബാറ്ററിയാണ് ആപ്പെ ഇ-സിറ്റി എഫ്എക്‌സ് ഇലക്ട്രിക് റിക്ഷ ഉപയോഗിക്കുന്നത്. പെര്‍മനന്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോര്‍ 5.44 കിലോവാട്ട് ഔര്‍ (7.3 ബിഎച്ച്പി) കരുത്ത് ഉല്‍പ്പാദിപ്പിക്കും. 29 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ടോപ് സ്പീഡ്. അതേസമയം 8 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ആപ്പെ ഇ-എക്‌സ്ട്രാ എഫ്എക്‌സ് മോഡലിന് നല്‍കിയത്. പെര്‍മനന്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോര്‍ 9.55 കിലോവാട്ട് ഔര്‍ (12.8 ബിഎച്ച്പി) കരുത്ത് പുറപ്പെടുവിക്കും. 45 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. 90 കിലോമീറ്ററാണ് ഡ്രൈവിംഗ് റേഞ്ച്. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 45 കിമീ. ഐപി67 നിലവാരമുള്ളതാണ് ബാറ്ററി.
ബ്ലൂ വിഷന്‍ ഹെഡ്‌ലാംപുകള്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഡുവല്‍ ടോണ്‍ സീറ്റുകള്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബൂസ്റ്റ് മോഡ് എന്നിവ രണ്ട് വാഹനങ്ങളുടെയും ഫീച്ചറുകളാണ്. രണ്ട് വാഹനങ്ങളിലും ‘പിയാജിയോ കണക്റ്റ്’ ടെലിമാറ്റിക്‌സ് സംവിധാനം നല്‍കി. സ്റ്റൈലിഷ് ഡീക്കാളുകള്‍ ലഭിച്ചു. ആറ് അടി ഡെക്ക് ഏരിയ നല്‍കിയാണ് കാര്‍ഗോ സെഗ്‌മെന്റിനായി ആപ്പെ ഇ-എക്‌സ്ട്രാ വിപണിയിലെത്തിക്കുന്നത്. ഡെലിവറി ആവശ്യങ്ങള്‍ക്കായി കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. 506 കിലോഗ്രാമാണ് ഇ-എക്‌സ്ട്രായുടെ പേലോഡ് ശേഷി.