ബിഎംഡബ്ല്യു ആര്‍ 18 ക്ലാസിക് ഇന്ത്യയില്‍
എക്‌സ് ഷോറൂം വില 24 ലക്ഷം രൂപ. പൂര്‍ണമായി നിര്‍മിച്ചശേഷം ക്രൂസര്‍ ഇറക്കുമതി ചെയ്യുന്നു
മുംബൈ: ബിഎംഡബ്ല്യു ആര്‍ 18 ക്ലാസിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു) ഇറക്കുമതി ചെയ്യുന്ന ക്രൂസര്‍ മോട്ടോര്‍സൈക്കിളിന് 24 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇതിനകം ജനപ്രിയമായ ബിഎംഡബ്ല്യു ആര്‍ 18 മോട്ടോര്‍സൈക്കിളിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയാണ് ആര്‍ 18 ക്ലാസിക് പുറത്തിറക്കിയത്. അതുകൊണ്ടുതന്നെ കൂടുതല്‍ ടൂറിംഗ് സൗഹൃദ മോഡലാണ് ആര്‍ 18 ക്ലാസിക്.
അല്‍പ്പം വ്യത്യസ്തമായ പാസഞ്ചര്‍ സീറ്റ്, ക്ലിയര്‍ വിന്‍ഡ്ഷീല്‍ഡ്, തുകല്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ജോടി സാഡില്‍ബാഗുകള്‍, എക്‌സ്ട്രാ എല്‍ഇഡി ഓക്‌സ് ലൈറ്റുകള്‍, മുന്നില്‍ ചെറുതും വീതിയേറിയതുമായ 16 ഇഞ്ച് വീല്‍ എന്നിവ ലഭിച്ചു.
ബിഎംഡബ്ല്യു ആര്‍ 18 എന്ന സ്റ്റാന്‍ഡേഡ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്ന അതേ 1,802 സിസി, എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ്, 2 സിലിണ്ടര്‍ ‘ബിഗ് ബോക്‌സര്‍’ എന്‍ജിനാണ് പുതിയ വകഭേദം ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 4,750 ആര്‍പിഎമ്മില്‍ 91 ബിഎച്ച്പി കരുത്തും 2,000 നും 4,000 ത്തിനുമിടയില്‍ ആര്‍പിഎമ്മില്‍ 158 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ആന്റി ഹോപ്പിംഗ് ക്ലച്ച്, 6 സ്പീഡ് ട്രാന്‍സ്മിഷന്‍ ലഭിച്ചു. ഓപ്ഷണല്‍ എക്‌സ്ട്രാ ആയി റിവേഴ്‌സ് ഗിയര്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് മോട്ടോര്‍സൈക്കിള്‍ പോലെ, റെയ്ന്‍, റോള്‍, റോക്ക് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ ലഭ്യമാണ്.
ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ സുരക്ഷാ ഫീച്ചറുകളാണ്. കീലെസ് ഇഗ്നിഷന്‍, ഇലക്ട്രോണിക് ക്രൂസ് കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കും.