വിനോദത്തിന് മാത്രമല്ല, ഉന്മേഷത്തോടെ വണ്ടിയോടിക്കാനും യുവാക്കള്‍ക്ക് സംഗീതം നിര്‍ബന്ധം
1 min read
18-29നും ഇടയില്‍ പ്രായമുള്ള യുവാക്കളെ സംബന്ധിച്ചെടുത്തോളം കാറിനുള്ളിലെ സംഗീതാസ്വാദനം അവരുടെ ഡ്രൈവിംഗ് ശേഷി മെച്ചപ്പെടുത്തുന്ന ഒരു കാര്യമാണ്
ചിലയാളുകള്‍ക്ക് പാട്ട് കേള്‍ക്കാതെ വണ്ടിയോടിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. നെഗവിലെ ബെന്‍-ഗുറിയണ്‍ സര്‍വ്വകലാശാലയിലെ(ബിജിയു) ഗവേഷകരുടെ കണ്ടെത്തലും ഈ വസ്തുത അടിവരയിടുന്നു. 18നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് കാറിനുള്ളിലെ സംഗീതമെന്നത് വെറും വിനോദം മാത്രമല്ലെന്നും ഒറ്റയ്ക്കല്ലെങ്കിലും ആണെങ്കിലും അവരുടെ വാഹനമണ്ഡലത്തിന്റെ ഭാഗമായ ഒന്നാണെന്നും സൈക്കോ മ്യൂസിക്കോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരന്തരമായ ഉന്മേഷത്തിനും ബൃഹത്തായ അറിവുകള്‍ പിടിച്ചെടുക്കുന്നതിനും ദിവസത്തിലുടനീളം പാട്ട് കേള്‍ക്കുന്നതിലൂടെ കഴിയുമെന്ന് സര്‍വ്വകലാശാലയിലെ ആര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗമായ ബിജിയു മ്യൂസിക് സയന്‍സ് ലാബ് ഡയറക്ടര്‍ വാറെന്‍ ബ്രോഡ്‌സ്‌കി പറയുന്നു. എന്നാല്‍ ഏത് തരത്തിലുള്ള സംഗീതമാണ് ഏകാഗ്രത കൊണ്ടുവരികയെന്നോ അക്രമോത്സുക സ്വഭാവം ഉണ്ടാക്കുകയെന്നോ അപകടകരമായ സാഹചര്യങ്ങളെ തെറ്റായി കണക്കുകൂട്ടാന്‍ പ്രേരിപ്പിക്കുകയെന്നോ ശ്രോതാക്കള്‍ ചിന്തിക്കാറില്ലെന്ന് ബ്രോഡ്‌സ്‌കി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിലെ അതിവേഗം വളരുന്ന സര്‍വ്വകലാശാലയെന്ന നിലയ്ക്ക് മനുഷ്യ സ്വഭാവങ്ങളുടെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് വലിയ അറിവുകള്‍ നല്‍കുന്നതാണ് ബിജിയുവിന്റെ പഠനങ്ങള്‍ എന്ന് സര്‍വ്വകലാശാലയിലെ ചീഫ് എകിസിക്യുട്ടീവ് ഓഫീസറായ ഡോ സീസര്‍മാന്‍ അവകാശപ്പെട്ടു. എല്ലാവരും അംഗീകരിക്കുന്ന അനിവാര്യമായ ഒരു പ്രപഞ്ച ഭാഷയാണ് സംഗീതം. എന്നിരുന്നാലും ഈ പഠനഫലത്തില്‍ നിന്നും ഉരുത്തിരിയുന്ന ആശങ്കകള്‍ക്ക് ചെവി നല്‍കുന്നത് നല്ലതായിരിക്കുമെന്നും സീസര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
വണ്ടിയോടിക്കുന്നതിടയ്ക്കുള്ള സംഗീതാസ്വാദനത്തിന്റെ സ്വാധീനമറിയുന്നതിനായി 140ഓളം യുവാക്കളെയാണ് പഠന വിധേയമാക്കിയത്. 67 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി ഇവര്‍ക്ക് നല്‍കി. പാട്ട് കേള്‍ക്കാതെ ട്രാഫിക്കിലും റോഡിന്റെ അവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് ബുദ്ധിമുട്ടും ചിലപ്പോള്‍ അസാധ്യവുമാണെന്ന് ചോദ്യാവലിയോട് പ്രതികരിച്ച ഭൂരിഭാഗം(80 ശതമാനം) ആളുകളും അഭിപ്രായപ്പെട്ടു. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നാലും പാട്ട് തീരുന്നത് വരെ കാറില്‍ ഇരിക്കുമെന്നും ഭൂരിഭാഗം പേരും ഉത്തരം നല്‍കി. 97 ശതമാനം പേരും ദീര്‍ഘ ദൂര യാത്രകളില്‍ ദൈര്‍ഘ്യം കുറഞ്ഞ പാട്ടുകളാണ് കേള്‍ക്കുന്നത്. എന്നാല്‍ ജോലിക്ക് പോകുമ്പോള്‍ താളവേഗം കൂടിയ പാട്ടുകളാണ് കേള്‍ക്കുന്നതെന്ന് 65 ശതമാനം പേര്‍ പറഞ്ഞു. അവധിക്കാല യാത്രകളിലും അവധിദിനത്തില്‍ കറങ്ങാന്‍ പോകുമ്പോഴുമെല്ലാം ഡാന്‍സ് പാട്ടുകളാണ് മൂന്നില്‍ രണ്ട് വിഭാഗം (76 ശതമാനം) ആളുകളും കേള്‍ക്കുന്നത്. അതേസമയം പാര്‍ട്ടിക്ക് പോകുമ്പോള്‍ അവേശവും ഉല്ലാസവും നിറഞ്ഞ പാട്ടുകളാണ് 90 ശതമാനം പേരും കേള്‍ക്കുന്നത്.
പാട്ട് കേള്‍ക്കുമ്പോള്‍ ലഭിക്കുന്ന അധിക ഉന്മേഷം ഡ്രൈവിംഗ് ശേഷിയെ സഹായിക്കുന്നുണ്ടെന്നാണ് ഈ യുവാക്കള്‍ വിശ്വസിക്കുന്നത്. ഭാവിയില്‍ സ്വന്തമായി ഓടുന്ന ഓട്ടോനോമസ് വാഹനങ്ങളുടെ കണ്‍ട്രോള്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ പാട്ട് കേള്‍ക്കുന്ന ഈ ശീലം വിനയാകുമെന്ന് ഗവേഷകര്‍ പറയുന്നു.