ഒരു മില്യണ്‍ വില്‍പ്പന താണ്ടി റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്
1 min readഏറ്റവുമധികം വിറ്റുപോകുന്ന എക്കാലത്തെയും ലാന്‍ഡ് റോവര്‍ എസ്‌യുവികളിലൊന്നായി റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മാറി
വിറ്റ്‌ലി (യുകെ): ആഗോളതലത്തില്‍ ഇതുവരെ വിറ്റത് പത്ത് ലക്ഷം യൂണിറ്റ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്. ഒരു മില്യണ്‍ യൂണിറ്റ് വില്‍പ്പന താണ്ടിയതായി ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചു. ഈ സുപ്രധാന നാഴികക്കല്ല് താണ്ടുന്നതിന് പതിനഞ്ച് വര്‍ഷമാണ് വാഹനത്തിന് വേണ്ടിവന്നത്. ഇതോടെ ഏറ്റവുമധികം വിറ്റുപോകുന്ന എക്കാലത്തെയും ലാന്‍ഡ് റോവര്‍ എസ്‌യുവികളിലൊന്നായി റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മാറി. പുതിയ നാഴികക്കല്ല് താണ്ടിയത് ആഘോഷിക്കുന്നതിന്റെ ഭാഗമായി ലാന്‍ഡ് റോവര്‍ ഒരു വീഡിയോ പുറത്തിറക്കി.
2004 ല്‍ പ്രദര്‍ശിപ്പിച്ച റേഞ്ച് സ്റ്റോമര്‍ കണ്‍സെപ്റ്റാണ് പിന്നീട് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌യുവിയായി വിപണിയിലെത്തിയത്. തൊട്ടടുത്ത വര്‍ഷം ഉല്‍പ്പാദനം ആരംഭിച്ചിരുന്നു. 2013 ലാണ് രണ്ടാം തലമുറ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചത്. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍, 3.0 ലിറ്റര്‍ വി6, 4.4 ലിറ്റര്‍ വി8 എന്നീ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലും 2.0 ലിറ്റര്‍ 4 സിലിണ്ടര്‍, 3.0 ലിറ്റര്‍ വി6, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 എന്നീ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലും ആഗോളതലത്തില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ലഭിക്കും. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കൂടെ പ്ലഗ്ഇന്‍ ഹൈബ്രിഡ് ഓപ്ഷനും ലഭ്യമാണ്.