മഹീന്ദ്ര എക്സ്‌യുവി 300 പെട്രോള്‍ എഎംടി പുറത്തിറക്കി
മുംബൈ എക്‌സ് ഷോറൂം വില 9.95 ലക്ഷം രൂപ മുതല്‍
മുംബൈ: മഹീന്ദ്ര എക്സ്‌യുവി 300 സബ്‌കോംപാക്റ്റ് എസ്യുവിയുടെ പെട്രോള്‍ എഎംടി വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡബ്ല്യു6, ഡബ്ല്യു8, ഡബ്ല്യു8 (ഒ) എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. 9.95 ലക്ഷം രൂപ മുതലാണ് മുംബൈ എക്‌സ് ഷോറൂം വില. ഡബ്ല്യു8 (ഒ) എന്ന ടോപ് സ്‌പെക് വേരിയന്റില്‍ കമ്പനിയുടെ ‘ബ്ലൂസെന്‍സ് പ്ലസ്’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ നല്‍കി. പെട്രോള്‍ എഎംടി വേര്‍ഷന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഈ മാസം പകുതിയോടെ ഡെലിവറി ആരംഭിക്കും.
കൂടാതെ, സബ്‌കോംപാക്റ്റ് എസ്യുവിയുടെ മാന്വല്‍, എഎംടി വേര്‍ഷനുകളുടെ മിഡ് വേരിയന്റില്‍ ഇപ്പോള്‍ ഇലക്ട്രിക് സണ്‍റൂഫ് നല്‍കി. സണ്‍റൂഫ് സഹിതം ഡബ്ല്യു6 പെട്രോള്‍ എംടി വേരിയന്റിന് 9.4 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് മഹീന്ദ്ര എക്സ്‌യുവി 300 പെട്രോള്‍ വേര്‍ഷന്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 110 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. നിലവിലെ 6 സ്പീഡ് മാന്വല്‍ കൂടാതെ ഈ എന്‍ജിന്റെ പുതിയ ഓപ്ഷനായാണ് ഇപ്പോള്‍ 6 സ്പീഡ് എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) നല്‍കിയത്. മാന്വല്‍ മോഡ്, ക്രീപ്പ് ഫംഗ്ഷന്‍ എന്നിവ എഎംടി ഗിയര്‍ബോക്‌സിന്റെ സവിശേഷതകളാണ്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കിക്ക്ഡൗണ്‍ ഷിഫ്റ്റുകള്‍, അഡാപ്റ്റീവ് പെഡല്‍ റെസ്‌പോണ്‍സ്, ടാപ് ടു സ്വിച്ച് എന്നിവ മറ്റ് ഫീച്ചറുകളാണ്. ഡോറുകള്‍ തുറന്നിരുന്നാല്‍ ഓട്ടോ, മാന്വല്‍ മോഡുകളില്‍ കാര്‍ നീങ്ങില്ല എന്ന ഫീച്ചര്‍ കൂടി എഎംടി ഗിയര്‍ബോക്‌സിന് ലഭിച്ചു.
1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനിലും മഹീന്ദ്ര എക്സ്‌യുവി 300 ലഭ്യമാണ്. ഈ മോട്ടോര്‍ 115 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഈ എന്‍ജിന്റെ കൂടെ 6 സ്പീഡ് എഎംടി ഓപ്ഷന്‍ നേരത്തെ നല്‍കിയിരുന്നു.
റിമോട്ട് വെഹിക്കിള്‍ കണ്‍ട്രോളുകള്‍, ലോക്കേഷന്‍ അധിഷ്ഠിത ഫീച്ചറുകള്‍, സുരക്ഷാ അലര്‍ട്ടുകള്‍, വെഹിക്കിള്‍ ഇന്‍ഫര്‍മേഷന്‍, ഇന്‍കാര്‍ കണ്‍ട്രോളുകള്‍ എന്നിവ ‘ബ്ലൂസെന്‍സ് പ്ലസ്’ ഫീച്ചറുകളാണ്.
ഡബ്ല്യു8 (ഒ) എഎംടി വേരിയന്റിന് ഡുവല്‍ ടോണ്‍ റെഡ്, ഡുവല്‍ ടോണ്‍ അക്വമറീന്‍ എന്നീ കളര്‍ ഓപ്ഷനുകള്‍ പുതുതായി നല്‍കി. ഡബ്ല്യു6 എംടി, ഡബ്ല്യു8 എംടി, ഡബ്ല്യു8 (ഒ) എംടി വേരിയന്റുകള്‍ക്കും ഡബ്ല്യു6 എഎംടി, ഡബ്ല്യു8 എഎംടി, ഡബ്ല്യു8 (ഒ) എഎംടി വേരിയന്റുകള്‍ക്കും ഗാലക്‌സി ഗ്രേ കളര്‍ ഓപ്ഷനും പുതുതായി ലഭിച്ചു.