കര്‍ഷകദ്രോഹ ബജറ്റെന്ന് കോണ്‍ഗ്രസ്
1 min read
ന്യൂഡെല്‍ഹി: കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ അവതരിപ്പിച്ചത് കര്‍ഷകദ്രോഹ ബജറ്റാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കാര്‍ഷിക മേഖലയിലെ പൊള്ളയായ പരിഷ്‌കാരങ്ങളുടെ വിഴുപ്പലക്കലാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജെയ്വീര്‍ ഷെര്‍ഗില്‍ ട്വീറ്റില്‍ പറഞ്ഞു.
താങ്ങുവില വര്‍ധിപ്പിക്കുന്നതില്‍ ബജറ്റ് പരാജയപ്പെട്ടു. വായ്പ എഴുതിത്തള്ളുന്നതുസംബന്ധിച്ചും പ്രഖ്യാപനമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി ബാധിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് ‘റേഷന്‍’ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.വണ്‍ നേഷന്‍-വണ്‍ റേഷന്‍ കാര്‍ഡ് എന്നത് ആകര്‍ഷകമായ ഒരു മുദ്രാവാക്യം മാത്രമായി.
ഓഹരിവിറ്റഴിക്കലില്‍നിന്ന് നിരവധി ലക്ഷം കോടി രൂപയാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. അതുവഴി പ്രതിസന്ധികള്‍ നേരിടാനാകുമെന്ന്് സര്‍ക്കാര്‍ കരുതുന്നു. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എംഇകള്‍ക്കും കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യസംരക്ഷണച്ചെലവ് വര്‍ദ്ധിപ്പിക്കുക. അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന് പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.