മൊബീല്‍ ഫോണുകള്‍ക്ക് വില വര്‍ധിക്കും
രാജ്യത്തിനകത്ത് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് കസ്റ്റംസ് തീരുവയില്‍ വര്‍ധന വരുത്തിയത്
ന്യൂഡെല്‍ഹി: മൊബീല്‍ ചാര്‍ജറുകള്‍ക്കും ഫോണുകളുടെ ചില പാര്‍ട്ടുകള്‍ക്കും കസ്റ്റംസ് തീരുവ പത്ത് ശതമാനം വരെ വര്‍ധിപ്പിക്കുന്നതായി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. ഇതോടെ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെ വില വര്‍ധിക്കും. രാജ്യത്തിനകത്ത് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസ് തീരുവയില്‍ വര്‍ധന വരുത്തിയത്.
ചാര്‍ജറുകളുടെയും മൊബീല്‍ ഫോണുകളുടെയും പാര്‍ട്ടുകളുടെ കാര്യത്തില്‍ ഇളവുകള്‍ പിന്‍വലിക്കുന്നതിലൂടെ തദ്ദേശീയമായി സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്നത് വര്‍ധിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ആഭ്യന്തര ഇലക്ട്രോണിക് ഉല്‍പ്പാദനം അതിവേഗമാണ് വര്‍ധിച്ചത്. മൊബീല്‍ ഫോണുകള്‍, ചാര്‍ജര്‍ തുടങ്ങിയവ ഇന്ത്യ ഇപ്പോള്‍ കയറ്റുമതി ചെയ്യുകയാണെന്ന് നിര്‍മല പറഞ്ഞു.
ചാര്‍ജറുകളുടെ പാര്‍ട്ടുകള്‍ക്കും മൊബീല്‍ ഫോണുകളുടെ ഉപ പാര്‍ട്ടുകള്‍ക്കും നല്‍കിവന്ന ചില ഇളവുകളാണ് പിന്‍വലിക്കുന്നത്. കൂടാതെ, മൊബീല്‍ ഫോണുകളുടെ ചില പാര്‍ട്ടുകള്‍ക്ക് നിലവിലെ പൂജ്യത്തില്‍നിന്ന് 2.5 ശതമാനമായി കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കും.
അതേസമയം, സെല്ലുലര്‍ മൊബീല്‍ ഫോണുകളുടെ പിറകിലെ കവര്‍, വശങ്ങളിലെ കീകള്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ പൂജ്യത്തില്‍നിന്ന് പത്ത് ശതമാനമായി വര്‍ധിപ്പിച്ചു.
കസ്റ്റംസ് തീരുവ വര്‍ധന ഹ്രസ്വ കാലത്തേക്ക് മൊബീല്‍ ഫോണുകളുടെ വില വര്‍ധിപ്പിക്കുമെന്ന് കൗണ്ടര്‍പോയന്റ് റിസര്‍ച്ച് അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പഥക് പറഞ്ഞു. തീരുവ വര്‍ധന ഇന്ന് (ഫെബ്രുവരി 2) മുതല്‍ പ്രാബല്യത്തിലാണ്.