ആരോഗ്യ മേഖലയ്ക്ക് വലിയ പരിഗണന
‘പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ത് ഭാരത് യോജന’ എന്ന പദ്ധതി പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി: രാജ്യം ഒരു മഹാമാരിയെയും അതു സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളെയും നേരിടുന്ന സാഹചര്യത്തില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ് ആരോഗ്യ മേഖലയ്ക്ക് നല്‍കിയത് വലിയ പരിഗണന. ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ബജറ്റ് വിഹിതം 2,23,846 കോടി രൂപയാണ്. മുന്‍ ബജറ്റിലെ 94,452 കോടിയില്‍ നിന്ന് 137 ശതമാനം വര്‍ധന.
ആരോഗ്യ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ‘പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ത് ഭാരത് യോജന’ എന്ന പദ്ധതി പ്രഖ്യാപിച്ചു. 6 വര്‍ഷത്തേക്കായി 64,180 കോടി രൂപ വിഹിതമാണ് ഈ പദ്ധതിക്ക് നല്‍കുക. ഇതിലൂടെ പ്രാഥമിക, ദ്വിതീയ, തൃതീയ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ ശേഷി വികസിപ്പിക്കുകയും നിലവിലുള്ള ദേശീയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും പുതിയ സ്ഥാപനങ്ങളെ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ബജറ്റില്‍ പറയുന്നത്. ഇത് ദേശീയ ആരോഗ്യ മിഷനു പുറമേ ആയിരിക്കും.
സ്‌കീമിന് കീഴിലുള്ള പ്രധാന ഇടപെടലുകള്‍ ഇവയാണ്:
- ഗ്രാമീണ മേഖലയിലെ 17,788ഉം നഗര മേഖലയിലെ 11,024ഉം ആരോഗ്യ കേന്ദ്രങ്ങളെ പിന്തുണയ്ക്കും.
- എല്ലാ ജില്ലകളിലും സംയോജിത പൊതുജനാരോഗ്യ ലാബുകളും 11 സംസ്ഥാനങ്ങളിലായി 3382 ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകളും സ്ഥാപിക്കുക.
- 602 ജില്ലകളിലും 12 കേന്ദ്ര ഇന്‍സ്റ്റിറ്റിയൂഷനുകളിലും ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്കുകള്‍ സ്ഥാപിക്കും.
- നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെയും (എന്‍സിഡിസി) 5 പ്രാദേശിക ശാഖകളുടെയും 20 മെട്രോപൊളിറ്റന്‍ ആരോഗ്യ നിരീക്ഷണ യൂണിറ്റുകളുടെയും ശാക്തീകരണം.
- എല്ലാ പൊതുജനാരോഗ്യ ലാബുകളും ബന്ധിപ്പിക്കുന്നതിനുള്ള സംയോജിത ആരോഗ്യ വിവര പോര്‍ട്ടല്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ സ്ഥാപനങ്ങളിലേക്കും വിപുലീകരിക്കും.
- വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ പ്രവേശന സ്ഥാനങ്ങളില്‍ 17 പുതിയ പൊതുജനാരോഗ്യ യൂണിറ്റുകളുടെ പ്രവര്‍ത്തനവും നിലവിലുള്ള 33 പൊതുജനാരോഗ്യ യൂണിറ്റുകളുടെ ശക്തിപ്പെടുത്തലും.
- 15 ആരോഗ്യ അടിയന്തിര ഓപ്പറേഷന്‍ കേന്ദ്രങ്ങളും 2 മൊബൈല്‍ ആശുപത്രികളും സ്ഥാപിക്കും.
- ആരോഗ്യ മേഖലയ്ക്കായി ഒരു ദേശീയ ഇന്‍സ്റ്റിറ്റിയൂഷന്‍ ആരംഭിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ മേഖലയ്ക്കുള്ള ഗവേഷണ പ്ലാറ്റ്‌ഫോം, 9 ബയോ സേഫ്റ്റി ലെവല്‍ കകക ലബോറട്ടറികളും 4 റീജിയണല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറോളജിയും സ്ഥാപിക്കും.
- പോഷകാഹാരത്തിലെ കുറവ് പരിഹരിക്കുന്നതിന്് മിഷന്‍ പോഷാന്‍ 2.0 സമാരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട 112 ജില്ലകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചും.