Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി കാമ്പസ് ജൈവവൈവിധ്യങ്ങളാൽ ശ്രദ്ധേയമാകുന്നു

1 min read

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ജൈവവൈവിധ്യം ശ്രദ്ധേയമാകുന്നു. 863 സ്പീഷിസുകളിലായി 4084 നീരീക്ഷണങ്ങളാണ് കാമ്പസില്‍ രേഖപ്പെടുത്തിയിരി ക്കുന്നതെന്ന് ഇത് സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖപ്പെടുത്തിയ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം രേഖപ്പെടുത്തിയിരിക്കുന്നത് ശലഭങ്ങളിലും നിശാശലഭങ്ങളിലുമാണ്. 430 സ്പീഷീസുകളിലായി 2963 നീരീക്ഷണങ്ങള്‍ ഈ വിഭാഗത്തില്‍ കാമ്പസിലുണ്ട്. ഇതില്‍ ശലഭങ്ങള്‍ 67 സ്പീഷീസുകളിലായി 383 നിരീക്ഷണങ്ങളും, നിശാശലഭങ്ങള്‍ 363 സ്പീഷീസുകളിലായി 2580 നിരീക്ഷണങ്ങളുമാണുള്ളത്. സര്‍വ്വകലാശാലയുടെ കാലടി കാമ്പസ് നിശാശലഭ വൈവിധ്യത്താല്‍ സമ്പന്നമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള ഏകദേശം 2215 നിശാശലഭ സ്പീഷീസുകളില്‍ കാലടി കാമ്പസില്‍ മാത്രം 363 സ്പീഷീസുകള്‍ കാണുന്നുണ്ട്. കേരളത്തിലെ മൊത്തം നിശാശലഭ വൈവിധ്യത്തിന്റെ ഏകദേശം 16.39 ശതമാനം കാലടി സര്‍വ്വകലാശാല കാമ്പസില്‍ കാണപ്പെടുന്നു. സര്‍വ്വകലാശാല കാമ്പസിന്റെ അതുല്യമായ മൈക്രോ-ഹാബിറ്റാറ്റ് വൈവിധ്യത്തിന്റെയും പരിസ്ഥിതി സമൃദ്ധിയുടെയും തെളിവാണിതെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സര്‍വ്വകലാശാലയിലെ സുകൃതി ഫോറസ്ട്രി ക്ലബിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍ സയന്‍സ് ജൈവവൈവിധ്യ മാപ്പിംഗ് സംരഭമാണ് കാമ്പസിലെ സമ്പന്നമായ ജൈവവൈവിധ്യത്തെ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ആഗോള ജൈവവൈവിധ്യ ഡോക്യൂമെന്റേഷന്‍ പ്ലാറ്റ്ഫോമായ ഐനാച്ചുറലിസ്റ്റ് ഡോട്ട് ഓര്‍ഗ് (inaturalist.org) ഉപയോഗിച്ചാണ് ഡോക്യുമെന്റേഷന്‍ നിര്‍വ്വഹിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ‘ബയോഡൈവേഴ്സിറ്റി ഓഫ് ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാന്‍സ്ക്രിറ്റ്, കാലടി’ എന്ന പേരിലുള്ള ഈ പഠന സംരംഭം 2024 ഒക്ടോബര്‍ രണ്ടിനാണ് ആരംഭിച്ചത്. പക്ഷികളില്‍ 59 സ്പീഷീസുകളിലായി 167 നിരീക്ഷണങ്ങളും തുമ്പികളില്‍ 32 സ്പീഷീസുകളിലായി 152 നിരീക്ഷണങ്ങളും വണ്ടുകളില്‍ 52 സ്പീഷീസുകളിലായി 125 നിരീക്ഷണങ്ങളും, ഈച്ചകളില്‍ 18 സ്പീഷീസുകളിലായി 32 നിരീക്ഷണങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ചിലന്തികള്‍ (16 സ്പീഷിസുകള്‍), സസ്യങ്ങള്‍ (141 സ്പീഷിസുകള്‍), തവളകള്‍ (6 സ്പീഷീസുകള്‍), പാമ്പുകള്‍ (എട്ട് സ്പീഷീസുകള്‍) എന്നിവയും സര്‍വ്വകലാശാലയുടെ കാലടി കാമ്പസിലുണ്ട്. അപൂര്‍വ്വമായ നിശാശലഭങ്ങളുടെ കണ്ടെത്തലാണ് റിപ്പോര്‍ട്ടില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. Laeliz Umbrina എന്ന നിശാലഭത്തിന്റെ കണ്ടെത്തല്‍ കേരളത്തില്‍ ഇദംപ്രഥമമായും ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ ഐനാച്ചുറലിസ്റ്റ് രേഖയുമാണ്. Orgyia Osseataയും സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയ നിശാശലഭമാണ്. ഈ നിശാശലഭവും ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഐനാച്ചുറലിസ്റ്റ് രേഖയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ Miltochristaila, Slug Caterpillar Moths കുടുംബത്തില്‍പ്പെടുന്ന Limacodidac Paroxyplax എന്ന നിശാശലഭത്തിന്റെ ജീനസും ആദ്യമായി ഇന്ത്യയില്‍ നിന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി കാമ്പസില്‍ നിന്നാണ്. അപൂര്‍വ്വങ്ങളായ നിശാശലഭങ്ങളുടെ കണ്ടെത്തലുകള്‍ നിശാശലഭ ടാക്സോണമി വിദഗദ്ധരുടെ സഹായത്തോടെ സ്ഥീരീകരിച്ച് വരുന്നതായി സര്‍വ്വകലാശാലയിലെ സുകൃതി ഫോറസ്ട്രി ക്ലബ് കണ്‍വീനറും ജ്യോഗ്രഫി ഗവേഷക വിദ്യാര്‍ത്ഥിയുമായ ടി. ആദര്‍ശ് പറഞ്ഞു. സര്‍വ്വകലാശാലയിലെ സുകൃതി ഫോറസ്ട്രി ക്ലബ് കണ്‍വീനറും ജ്യോഗ്രഫി ഗവേഷക വിദ്യാര്‍ത്ഥിയുമായ ടി. ആദര്‍ശ്, ക്ലബ് അംഗങ്ങളും ഇംഗ്ലീഷ് വിഭാഗം ഗവേഷകരുമായ ഐശ്വര്യ സുരേഷ്, പി. ധന്യ, ചരിത്ര വിഭാഗം ഗവേഷകനായ കെ. എ. ശ്രീജിത്, സര്‍വ്വകലാശാല ലൈബ്രററിയില്‍ നിന്നും വിരമിച്ച ജീവനക്കാരന്‍ പി. ജി. മനോജ് എന്നിവരാണ് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കാമ്പസില്‍ കണ്ടെത്തുന്ന ജീവികളുടെ ചിത്രങ്ങള്‍ ഐനാച്ചുറലിസ്റ്റ് പ്ലാറ്റ്ഫോമില്‍ അപ്‍ലോഡ് ചെയ്യപ്പെടുന്നു. ഓരോ കണ്ടെത്തലുകളും ജിയോ-ടാഗ് ചെയ്യപ്പെടുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രാഥമികമായി തിരിച്ചറിയുകയും ചെയ്യുന്നു. തുടര്‍ന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും പ്രകൃതി പഠന വിദഗ്ദ്ധരും ചേര്‍ന്ന് ഈ കണ്ടെത്തലുകളെ സ്ഥിരീകരിക്കുന്നു. ഇതിലൂടെ ശാസ്ത്രീയമായ കൃത്യത ഉറപ്പ് വരുത്തുന്നു, പി. ജി. മനോജ് പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി കാമ്പസില്‍ സജ്ജീകരിച്ചിരിക്കുന്ന പൂര്‍ണ്ണ പക്ഷി സങ്കേതം സര്‍വ്വകലാശാലയുടെ മാത്രം പ്രത്യേകതയാണ്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍, കാമ്പസില്‍ സ്വന്തമായി പക്ഷിസങ്കേതം ഒരുക്കിയിരിക്കുന്ന ഏക സര്‍വ്വകലാശാലയും ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയാണ്. പെരിയാറിന് സമീപമുള്ള സര്‍വ്വകലാശാല കാമ്പസ് വിവിധ സസ്യ-ജീവജാലങ്ങള്‍ക്ക് അനുകൂലമായ അവാസ വ്യവസ്ഥയാണ് ഒരുക്കിയിരിക്കുന്നത്.

  ഐഐഎസ്ടിയിൽ എയ്‌റോസ്‌പേസ് സിമ്പോസിയം
Maintained By : Studio3