കോണ്‍ഗ്രസിന് ജൂണ്‍ മാസത്തോടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്
ന്യൂഡെല്‍ഹി: ജൂണ്‍ മാസത്തോടെ കോണ്‍ഗ്രസിന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് ഉണ്ടായിരിക്കുമെന്ന് നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിനുശേഷം(സിഡബ്ല്യുസി ) ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) കെ സി വേണുഗോപാല്‍ പറഞ്ഞു. നിരവധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ സിഡബ്ല്യുസി തെരഞ്ഞെടുപ്പ് വിഷയവും ഉന്നയിച്ചിട്ടുണ്ടെന്നും ഇത് ചൂടേറിയ വാദങ്ങള്‍ക്ക് കാരണമായെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സുചിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം പാര്‍ട്ടി നിഷേധിച്ചു. സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ച് തര്‍ക്കമൊന്നും യോഗത്തില്‍ ഉണ്ടായിട്ടില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.
മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സിഡബ്ല്യുസി ചര്‍ച്ച ചെയ്തതായി മൂന്നര മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ വേണുഗോപാല്‍ പറഞ്ഞു. വരും മാസങ്ങളില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്്. ഈ തെരഞ്ഞെടുപ്പുകളെ ബാധിക്കാത്ത രീതിയിലാകണം നടപടിക്രമങ്ങളെന്ന് സിഡബ്ല്യുസി അംഗങ്ങള്‍ ഏകകണ്ഠമായി ഇടക്കാല മേധാവി സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടാതെ പാര്‍ട്ടി സംഘടനാതല തെരഞ്ഞെടുപ്പുകള്‍ പുനഃക്രമീകരിക്കാനും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതിയ അദ്ധ്യക്ഷന്‍ ജൂണ്‍ മാസത്തില്‍ ചുമതലയേല്‍ക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതനുസരിച്ച്് പാര്‍ട്ടിയുടെ ഷെഡ്യൂളില്‍ ചില മാറ്റങ്ങള്‍ ആവശ്യമായിരുന്നു. അത് കണക്കിലെടുത്തിട്ടുണ്ട്. അതിനുശേഷം പാര്‍ട്ടി തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വാഗ്വാദങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും പറഞ്ഞു. പാര്‍ട്ടിയില്‍ തരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്റ്റില്‍ 23നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. പാര്‍ട്ടിക്ക് സജീവമായ നേതൃത്വവും പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പുമായിരുന്നു അന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ യോഗത്തില്‍ ഈ വിഷയങ്ങളും ചര്‍ച്ചക്കുവന്നതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.