കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്‍റെ പെട്രോള്‍, ഡീസല്‍ നികുതി സമാഹരണത്തില്‍ 88% വളര്‍ച്ച
1 min read2019-20ല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് പിരിവ് 1.78 ട്രില്യണ്‍ രൂപയായിരുന്നു
ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പെട്രോള്‍, ഡീസല്‍ നികുതി സമാഹരണം 88 ശതമാനം ഉയര്‍ന്ന് 3.35 ട്രില്യണ്‍ രൂപയായി. ലോക്സഭയില്‍ പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വര്‍ തെലിയാണ് ഒരു ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ റെക്കോഡ് ഉയരത്തിലേക്ക് കൂട്ടിയതാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പെട്രോളിന്‍റെ എക്സൈസ് തീരുവ ലിറ്ററിന് 19.98 രൂപ എന്ന നിലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 32.9 രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തി. കോവിഡ് 19 ആവശ്യകതയില്‍ സൃഷ്ടിച്ച ഇടിവിനെ തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണവില ഇടിഞ്ഞ ഘട്ടത്തിലാണ് എക്സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. അതിനാല്‍ ആദ്യ ഘട്ടങ്ങളില്‍ വില വര്‍ധന ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍ ക്രൂഡ് വില ഉയര്‍ന്നപ്പോഴും കൂട്ടിയ നികുതി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. ഡീസലിന്‍റെ എക്സൈസ് തീരുവ ലിറ്ററിന് 15.83 രൂപയില്‍ എന്നതില്‍ നിന്നാണ് 31.8 രൂപയായി ഉയര്‍ത്തിയത്.
2019-20ല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് പിരിവ് 1.78 ട്രില്യണ്‍ രൂപയായിരുന്നു. നികുതി സമാഹരണം കൂടിയെങ്കിലും ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും മൂലം ഇന്ധന വില്‍പ്പന ഇടിവ് പ്രകടമാക്കി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ഗതാഗതത്തിനും ഉണ്ടായിരുന്ന ഇളവുകള്‍ ആവശ്യകതയെ ബാധിച്ചു. 2018-19 ല്‍ 2.13 ട്രില്യണ്‍ രൂപയായിരുന്നു പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് പിരിവ്.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്തം എക്സൈസ് സമാഹരണം 1.01 ട്രില്യണ്‍ രൂപയാണെന്ന് ധനമന്ത്രി പങ്കജ് ചൗധരി മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. പെട്രോള്‍, ഡീസല്‍ എന്നിവ മാത്രമല്ല എടിഎഫ്, പ്രകൃതിവാതകം, ക്രൂഡ് ഓയില്‍ എന്നിവയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. 3.89 ട്രില്യണ്‍ രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം എക്സൈസ് ശേഖരണം.
2010 ജൂണ്‍ 26 മുതല്‍ പെട്രോളിന്‍റെയും 2014 ഒക്ടോബര്‍ 19 മുതല്‍ ഡീസലിന്‍റെയും വില വിപണിയാണ് തീരുമാനിക്കുന്നത്. പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ (ഒ.എം.സി) അന്താരാഷ്ട്ര ഉല്‍പ്പന്ന വിലകളുടെയും മറ്റ് വിപണി സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്നു.
നിലവില്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും 100 രൂപയ്ക്ക് മുകളിലേക്ക് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില എത്തിയിട്ടുണ്ട്. മറ്റ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയിലേക്കും ഇത് നയിക്കുകയാണ്.