നിസാന്‍ ഇലക്ട്രിക് വാഹന ഹബ് ആരംഭിക്കും
ഒരു ബില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ ‘ഇവി36സീറോ’ എന്ന് പേരിട്ട പദ്ധതി യുകെയിലെ സണ്ടര്‍ലാന്റിലാണ് പ്രഖ്യാപിച്ചത്
കൊച്ചി: നിസാന്‍ തങ്ങളുടെ അടുത്ത ഘട്ട വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി ലോകത്തെ ആദ്യ ഇലക്ട്രിക് വാഹന നിര്‍മാണ സംവിധാനമായ ഇലക്ട്രിക് വെഹിക്കിള്‍ ഹബ് പ്രഖ്യാപിച്ചു. ഒരു ബില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ ‘ഇവി36സീറോ’ എന്ന് പേരിട്ട പദ്ധതി യുകെയിലെ സണ്ടര്‍ലാന്റിലാണ് പ്രഖ്യാപിച്ചത്. ബാറ്ററി സാങ്കേതികവിദ്യയിലെ ലോകത്തെ പ്രമുഖ കമ്പനിയായ എന്‍വിഷന്‍ എഇഎസ്‌സി, സണ്ടര്‍ലാന്റ് സിറ്റി കൗണ്‍സില്‍ എന്നിവയുടെ കൂടെ ചേര്‍ന്നാണ് നിസാന്‍ പുതിയ പദ്ധതി ആരംഭിക്കുന്നത്. ഇലക്ട്രിക് വാഹന നിര്‍മാണത്തിനു പുറമെ പുനരുപയോഗിക്കാവുന്ന ഊര്‍ജോല്‍പ്പാദനം, ബാറ്ററി ഉല്‍പ്പാദനം എന്നിവയും ഇവി ഹബ്ബിലുണ്ടാകും.
പദ്ധതിയുടെ ഭാഗമായി 423 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ യുകെയില്‍ ഒരു പുതിയ തലമുറ നിസാന്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ നിര്‍മിക്കും. ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ വലിയ തോതില്‍ നിര്‍മിക്കുന്നതിന് 9 ജിഗാവാട്ട് ശേഷിയുള്ള പുതിയ ഫാക്റ്ററി എന്‍വിഷന്‍ എഇഎസ്‌സി സ്ഥാപിക്കും. സണ്ടര്‍ലാന്റ് സിറ്റി കൗണ്‍സിലിന്റെ പുനരുപയോഗിക്കാവുന്ന ഊര്‍ജോല്‍പ്പാദന പദ്ധതിയായ മൈക്രോഗ്രിഡ് വഴി നൂറ് ശതമാനം ഊര്‍ജം ഹബ്ബിന് ലഭ്യമാക്കും. പുതിയ പദ്ധതിയിലൂടെ നിസാനിലും യുകെയിലെ വിതരണ കേന്ദ്രത്തിലും 6,200 ഓളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
നിസാന്‍ ഉല്‍പ്പന്നങ്ങളുടെ ജീവിതചക്രത്തിലുടനീളം കാര്‍ബണ്‍ നിഷ്പക്ഷത കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. തങ്ങളുടെ സമഗ്രമായ സമീപനത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വികസനവും ഉല്‍പ്പാദനവും മാത്രമല്ല, ഓണ്‍ ബോര്‍ഡ് ബാറ്ററികള്‍ ഊര്‍ജ സംഭരണത്തിനും ദ്വിതീയ ആവശ്യങ്ങള്‍ക്കായി പുനരുപയോഗിക്കുന്നതും ഉള്‍പ്പെടുന്നതായി നിസാന്‍ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മക്കോടോ ഉചിഡ പറഞ്ഞു.