വാക്സിന്‍ വിതരണം ഇനി ഡ്രോണ്‍ വഴി…
- ഉള്‍പ്രദേശങ്ങളിലേക്ക് വാക്സിന്‍ വിതരണം ഡ്രോണ്‍ വഴി
- തെലങ്കാനയും മഹാരാഷ്ട്രയുമാകാും ഇത് പരീക്ഷിക്കുന്ന ആദ്യ സംസ്ഥാനങ്ങള്‍
- പരീക്ഷണത്തിനായി 20 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു
മുംബൈ: രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളിലേക്ക് കോവിഡ് വാക്സിന്‍ എത്തിക്കുന്നതിനായി ഡ്രോണ്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ ധാരണ. ഇതിനായി ഡ്രോണ്‍ പറത്തലുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കും. വാക്സിന്‍ വിതരണത്തിന് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഡ്രോണുകളെ ഉപയോഗപ്പെടുത്താം എന്ന രീതിയിലേക്കാണ് കാര്യങ്ങളെത്തുന്നത്.
ഓപ്പറേറ്റര്‍മാരുടെ കാഴ്ച്ചകള്‍ക്കുള്ളില്‍ മാത്രം ഡ്രോണുകളെ പറത്താനേ ഇപ്പോള്‍ അനുമതിയുള്ളൂ. എന്നാല്‍ 20 സ്ഥാപനങ്ങള്‍ക്ക് ഇതില്‍ നിന്നും ഇളവ് നല്‍കി പരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ മേയ് മാസത്തില്‍ അനുവാദം നല്‍കിയിരുന്നു.
ഏയ്റോസ്പേസ് ഇന്‍ഡസ്ട്രി ഡെവലപ്മെന്‍റ് അസോസിയേഷന്‍ ഓഫ് തമിഴ്നാട്, എഎന്‍ആര്‍എ കണ്‍സോര്‍ഷ്യം എ, ഓട്ടോ മൈക്രോയുഎഎസ് ഏയ്റോടെക്, സ്പൈസ് ജെറ്റ് എന്നിവര്‍ ഉള്‍പ്പെടുന്ന 20 സ്ഥാപനങ്ങള്‍ക്കാണ് പരീക്ഷണ അനുമതി നല്‍കിയത്.
വാക്സിനുകളും മരുന്നുകളും ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വിതരണം ചെയ്യാന്‍ സാധിക്കുമോയെന്നതിലാണ് ഇവര്‍ പരീക്ഷണ പറക്കല്‍ നടത്തുക. പരീക്ഷണങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് ഓഗസ്റ്റോടെ അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന.
വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വാക്സിന്‍ വിതരണത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ച് വാക്സിന്‍ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനങ്ങളാകാന്‍ തയാറെടുത്തിരിക്കുകയാണ് തെലങ്കാനയും മഹാരാഷ്ട്രയും.