8 നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 50% വർധന
1 min read
ന്യൂഡെല്‍ഹി: 99acres.com-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന 50 ശതമാനം വര്‍ധിച്ചു. എട്ട് പ്രധാന നഗരങ്ങളിലായി മൊത്തം 21,800 യൂണിറ്റുകള്‍ വിറ്റഴിച്ചു. വിലപേശല്‍ സാഹചര്യം വിശാലമായത്, മത്സരാധിഷ്ഠിതമായ ഭവന വായ്പാ പലിശനിരക്ക്, ഉത്സവകാല ആവശ്യം എന്നിവയാണ് ഭവന വാങ്ങല്‍ വികാരം മെച്ചപ്പെടുത്തിയത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പുനര്‍ വില്‍പ്പന വിഭാഗത്തില്‍ ഇടപാടുകള്‍ വില സമ്മര്‍ദം നേരിടുന്നത് പ്രകടമായി എങ്കിലും പ്രാഥമിക വിപണിയിലെ വിലയില്‍ കാര്യമായ മാറ്റമില്ല. എന്‍ആര്‍ഐകളില്‍ നിന്നുള്ള ആവശ്യകത ഗണ്യമായി വര്‍ദ്ധിച്ചു.
എന്നിരുന്നാലും, കോവിഡ് 19 സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും സ്വന്തം വീടുകളിലും നാടുകളിലും തന്നെ പഠനവും ജോലിയും തുടരുന്നതിനാല്‍ വാടകഭവന വിപണി മാന്ദ്യത്തില്‍ തന്നെ തുടരുകയാണ്.
സാമ്പത്തിക പുനരുജ്ജീവനത്തിന് സഹായിക്കുന്നതിന് റിസര്‍വ് ബാങ്കും കേന്ദ്രവും പ്രഖ്യാപിച്ച നിരവധി നടപടികള്‍ വാങ്ങലുകാരുടെ വികാരം മെച്ചപ്പെടുത്തുന്നതിന് സഹായകമായെന്ന് 99acres.com-ന്റെ ചീഫ് ബിസിനസ് ഓഫീസര്‍ മനീഷ് ഉപാധ്യായ പറയുന്നു. ഭവനവായ്പാ പലിശ നിരക്ക് 15 വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തിയതും വിവിധ സംസ്ഥാനങ്ങള്‍ സ്റ്റാംപ് ഡ്യൂട്ടി ചാര്‍ജ് കുറച്ചതും ഭവന വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കലും പണമൊഴുക്ക് സാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികളും അദ്ദേഹം ചൂണ്ടിക്കാട്ടി.