ടാറ്റ സഫാരി നിർമിച്ചുതുടങ്ങി
ടാറ്റ സഫാരി എസ് യുവിയുടെ ഉൽപ്പാദനം ആരംഭിച്ചതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു. പുണെ പ്ലാൻ്റിലാണ് മൂന്നുനിര സീറ്റുകളോടുകൂടിയ സ്പോർട്ട് യൂട്ടിലിറ്റി വാഹനം നിർമിക്കുന്നത്. അസംബ്ലി ലൈനിൽ നിന്ന് ആദ്യ യൂണിറ്റ് വാഹനം പ്ലാൻ്റിന് പുറത്തെത്തിക്കുകയും ചെയ്തു. രാജ്യമെങ്ങുമുള്ള ഡീലർഷിപ്പുകളിൽ ടാറ്റ സഫാരി ഉടനെയെത്തും. ഔദ്യോഗിക വിപണി അവതരണം വൈകാതെ നടക്കും.
ടാറ്റ ബസർഡ് കൺസെപ്റ്റായി ആദ്യം പ്രദർശിപ്പിക്കുകയും പിന്നീട് ടാറ്റ ഗ്രാവിറ്റാസ് എന്ന് വിളിക്കുകയും ചെയ്ത മോഡലാണ് ടാറ്റ സഫാരിയായി വിപണിയിലെത്തുന്നത്. സഫാരി ബ്രാൻഡ് തിരികെ കൊണ്ടുവരാൻ ഇന്ത്യൻ വാഹന നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു. ടാറ്റ സഫാരിയുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങൾ കൂടി കമ്പനി പുറത്തുവിട്ടു.
ഇതോടൊപ്പം, ടാറ്റ സഫാരി ഇമാജിനേറ്റർ സ്യൂട്ട് കൂടി അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോൺ ഉപയോഗിച്ച് പുതിയ 7 സീറ്റർ മോഡലിനെ വർച്ച്വലായി അറിയാൻ കഴിയും. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളായിരിക്കും നൽകുന്നത്. പനോരമിക് സൺറൂഫ് സവിശേഷതയാണ്.
ടാറ്റ ഹാരിയർ ഉപയോഗിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ഡീസൽ എൻജിനായിരിക്കും കരുത്തേകുന്നത്. ഈ മോട്ടോർ 170 ബിഎച്ച്പി, 350 എൻഎം ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയർബോക്സ് ഓപ്ഷനുകൾ.