ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250 ഇന്ത്യയില്‍
ബേസ് വേരിയന്റിന് 16.90 ലക്ഷം രൂപയും സ്‌പെഷല്‍ വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില
ന്യൂഡെല്‍ഹി: ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഇന്ത്യയില്‍ ലഭിക്കും. ബേസ് വേരിയന്റിന് 16.90 ലക്ഷം രൂപയാണ് വില. പാന്‍ അമേരിക്ക 1250 സ്‌പെഷല്‍ എന്ന പ്രീമിയം വേരിയന്റിന് 19.99 ലക്ഷം രൂപ വില വരും. എല്ലാം ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, വരാനിരിക്കുന്ന ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി4 എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.
ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250 മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഫീച്ചറുകളാല്‍ വ്യത്യസ്തമാണ്. എല്ലായിടത്തും എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന 6.8 ഇഞ്ച് കളര്‍ ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ രണ്ട് വകഭേദങ്ങളുടെയും സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന സെമി ആക്റ്റീവ് സസ്‌പെന്‍ഷന്‍ സംവിധാനം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), സെന്റര്‍ സ്റ്റാന്‍ഡ്, ഹീറ്റഡ് ഗ്രിപ്പുകള്‍, സ്റ്റിയറിംഗ് ഡാംപര്‍, വ്യവസായത്തില്‍ ഇതാദ്യമായി അഡാപ്റ്റീവ് റൈഡ് ഹൈറ്റ് സിസ്റ്റം (ഓപ്ഷണല്‍) എന്നിവ സ്‌പെഷല്‍ വേരിയന്റിലെ അധിക ഫീച്ചറുകളാണ്.
രണ്ട് വേരിയന്റുകളുടെയും മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ ഒന്നുതന്നെയാണ്. 1252 സിസി, റെവലൂഷന്‍ മാക്‌സ് 1250 എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 150 ബിഎച്ച്പി കരുത്തും 6,750 ആര്‍പിഎമ്മില്‍ 127 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.