സൊമാറ്റോ ഐപിഒ : ഓഫര്‍ വലുപ്പം പകുതിയായി കുറച്ച് ഇന്‍ഫോ എഡ്ജ്
ന്യൂഡെല്‍ഹി: സോമാറ്റോ ഐപിഒയില്‍ തങ്ങളുടെ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) മുന്‍ നിശ്ചയിച്ചതില്‍ നിന്നും പകുതിയായി വെട്ടിച്ചുരുക്കാന്‍ കമ്പനിയിലെ പ്രധാന നിക്ഷേപകനായ ഇന്‍ഫോ എഡ്ജ് തീരുമാനിച്ചു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിന്‍റെ ഐപിഒയില്‍, മൊത്തം 750 കോടി രൂപ വരെ മൂല്യമുള്ള ഓഹരികള്‍ എത്തിക്കുന്നതിനാണ് നേരത്തേ ഇന്‍ഫോ എഡ്ജ് തീരുമാനിച്ചത്. ഇത് 375 കോടിയിലേക്ക് ചുരുക്കുന്നതിന് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ സമിതി അംഗീകാരം നല്‍കിയതായി ഒരു റെഗുലേറ്ററി ഫയലിംഗില്‍ ഇന്‍ഫോ എഡ്ജ് (ഇന്ത്യ) അറിയിച്ചു.
സോമാറ്റോയുടെ ഇക്വിറ്റി ഓഹരികള്‍ വരെ വില്‍ക്കുന്നതിനുള്ള ഓഫറില്‍ പങ്കെടുക്കുന്നതിന് ഇന്‍ഫോ എഡ്ജ് ഡയറക്ടര്‍ ബോര്‍ഡ് ഏപ്രിലില്‍ അംഗീകാരം നല്‍കിയിരുന്നു. കമ്പനിയുടെ പുതുക്കിയ ഓഫറിന്‍റെ നിബന്ധനകളും വ്യവസ്ഥകളും റെഡ് ഹെറിംഗ് പ്രോസ്പെക്ടസിനും ഓഫറുമായി ബന്ധപ്പെട്ട മറ്റ് രേഖകള്‍, കരാറുകള്‍ എന്നിവയ്ക്കും ഒപ്പം സമര്‍പ്പിക്കും.
ഈ വര്‍ഷം ഏപ്രിലില്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ ഒരു പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) അപേക്ഷ നല്‍കിയിരുന്നു.
കമ്പനിയുടെ ഇക്വിറ്റി ഷെയറുകള്‍ വില്‍പ്പനയ്ക്ക് വാഗ്ദാനം ചെയ്ത് 8,250 കോടി രൂപ മൂലധനമായി സമാഹരിക്കാനാണ് ലക്ഷ്യമെന്ന് സൊമാറ്റോ മാര്‍ക്കറ്റ് റെഗുലേറ്ററിന് സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 7,500 കോടി രൂപ പുതിയ ഇഷ്യുവും ബാക്കി 750 കോടി രൂപ നിലവിലുള്ള നിക്ഷേപകനായ ഇന്‍ഫോ എഡ്ജിന്‍റെ ഓഫര്‍ ഫോര്‍ സെയിലും ആകുമെന്നായിരുന്നു അന്ന് പറഞ്ഞത്.